തിരുവനന്തപുരത്ത് നേഴ്‌സിങ് വിദ്യാര്‍ഥികളുടെ പ്രതിഷേധ ധര്‍ണ്ണ

Kerala

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നേഴ്‌സിങ് വിദ്യാര്‍ഥികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു പ്രതിഷേധ ധര്‍ണ്ണ നടത്തി. കേരള ഗവണ്‍മെന്‍റ് സ്റ്റുഡന്‍റ് നേഴ്‌സസ് അസോസിയേഷന്‍ ( കെജിഎസ്എന്‍എ) മെഡിക്കല്‍ കോളെജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ്ണ.

സര്‍ക്കാര്‍ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളുടെ സ്റ്റെപ്പെന്‍റും, യൂണിഫോം അലവന്‍സും കാലോചിതമായി വര്‍ദ്ധിപ്പിക്കുക, മെഡിക്കല്‍ കോളേജിലെ ജനറല്‍ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, നേഴ്‌സിങ്ങ് സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, മെഡിക്കല്‍ - ഹോളിഡേ ലീവുകള്‍ പുനസ്ഥാപിക്കുക, പുരുഷ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.

കേരള ഗവണ്‍മെന്‍റ് നേഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹമീദ് യോഗം ഉദ്ഘാടനം ചെയ്തു. കെജിഎസ്എന്‍എ മെഡിക്കല്‍ കോളെജ് ഹോസ്പിറ്റല്‍ യൂണിറ്റ് പ്രസിഡന്‍റ് ഐശ്വര്യ ബി. അധ്യക്ഷയായി.

കേരള ഗവണ്‍മെന്‍റ് നേഴ്‌സസ് അസോസിയേഷന്‍ തിരുവനന്തപുരം  ജില്ലാ വൈസ് പ്രസിഡന്‍റ് ഗീത കുമാര്‍,  സംസ്ഥാന സെക്രട്ടറി നിഷ ഹമീദ്,  ജില്ലാ സെക്രട്ടറി സുഷമ, കെജിഎസ്എന്‍എ  സംസ്ഥാന പ്രസിഡന്‍റ് ശ്രീലക്ഷ്മി, കെജിഎസ്എന്‍എ മെഡിക്കല്‍ കോളെജ് യൂണിറ്റ് സെക്രട്ടറി അഖില്‍, വൈസ് പ്രസിഡന്‍റ് അഞ്ജലി സത്യപാല്‍  എന്നിവര്‍ സംസാരിച്ചു.

Share this story