പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു; ഓഗസ്റ്റ് 4, 5, 6, 10 തീയതികളിലെ പരീക്ഷകൾ പിന്നീട് നടത്തും
Aug 3, 2026, 20:09 IST
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു. ഓഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നിശ്ചയിച്ചിരുന്ന പരീക്ഷകളും കായികക്ഷമതാ പരിശോധനകളുമാണ് മാറ്റിവെച്ചിരിക്കുന്നത്.
പ്രതികൂല കാലാവസ്ഥയും വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച റെഡ്/ഓറഞ്ച് അലർട്ടുകളും യാത്രാ തടസ്സങ്ങളും കണക്കിലെടുത്താണ് നടപടി. ഈ ദിവസങ്ങളിൽ നടത്താനിരുന്ന ഓൺലൈൻ പരീക്ഷകൾ ഉൾപ്പെടെയുള്ളവ മാറ്റിവെച്ചതിൽ ഉൾപ്പെടുന്നു.
മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി അധികൃതർ വ്യക്തമാക്കി. ഉദ്യോഗാർത്ഥികൾ പുതുക്കിയ വിവരങ്ങൾക്കായി പിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
