ജനദ്രോഹ ബജറ്റ്; പ്രതിഷേധം കനക്കുന്നു: യുവമോര്‍ച്ച നിയമസഭാ മാര്‍ച്ച് അക്രമാസക്തം

Kerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനും നികുതിക്കൊള്ളയ്ക്കുമെതിരെ പ്രതിഷേധം ശക്തമാകുന്നു. യുവമോര്‍ച്ച സംഘടിപ്പിച്ച നിയമസഭാ മാർച്ച് അക്രമാസക്തമായി. മാര്‍ച്ചിനെതിരെ പോലീസ് നിരവധിതവണ ജലപീരങ്കിയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു.

യുവമോര്‍ച്ച മീഡിയസെല്‍കണ്‍വീനര്‍ രാമേശ്വരം ഹരിക്ക് ഗ്രനേഡ്പ്രയോഗത്തില്‍ പരിക്കേറ്റു. ജനദ്രോഹബജറ്റില്‍ പ്രതിഷേധിച്ച് നിയമസഭയ്ക്കു മുന്നില്‍ മന്ത്രിമാരുടെ കോലങ്ങൾ കത്തിച്ചു'. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് മന്ത്രിമാരുടെ കോലങ്ങളുമായി പ്രകടനമായെത്തിയാണ് മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരുടെയും കോലങ്ങള്‍ കത്തിച്ചത്. പ്രതിഷേധം ശക്തമായതോടെ പോലീസ് നിരവധിതവണ ജലപീരങ്കിയും തുടര്‍ന്ന് കണ്ണീര്‍വാതവകും ഗ്രനേഡും പ്രയോഗിച്ചു.
രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകരെ നിയസഭയ്ക്കു മുന്നില്‍ ബാരിക്കേഡുയര്‍ത്തി തടഞ്ഞു. 

യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍കൃഷ്ണ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷന്മാരായ വി.എല്‍.അജേഷ്, ഇ.വി.നന്ദകുമാര്‍, ജില്ലാപ്രസിഡന്റ് ആര്‍.സജിത്ത്, പാപ്പനംകോട് നന്ദു, അഭിജിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരുമായി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍കൃഷ്ണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എംജി റോഡ് ഉപരോധിച്ചു. പ്രഫുല്‍കൃഷ്ണന്‍, ബി.എല്‍.അജേഷ്, നന്ദകുമാര്‍, വീണ, ജമുന ജഹാംഗീര്‍, കവിതാ സുഭാഷ്, ആര്‍. സജിത്ത്, പാപ്പനംകോട് നന്ദു, തിരുമല ആനന്ദ്, നെടുമങ്ങാട് വിഞ്ജിത്ത്, അഭിജിത്ത്, ശ്രീജിത്ത്, മാണിനാട് സജി തുടങ്ങിയ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു നീക്കി.

സകല രംഗത്തും വിലക്കയറ്റം, വിലകുറഞ്ഞത് മുഖ്യമന്ത്രിക്കും സിപിഎമ്മിനും മാത്രം: സി.ആര്‍.പ്രഫുല്‍കൃഷ്ണ 
സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകളുടെ ഫലമായി സമസ്ത മേഖലയിലും വിലക്കയറ്റമാണ്. എന്തെങ്കിലും സാധനത്തിന് വിലകുറഞ്ഞിട്ടുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എന്‍.ബാലഗോപാലിനും സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിക്കും മാത്രമാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍കൃഷ്ണ പറഞ്ഞു. പ്രതിബന്ധങ്ങള്‍ക്കിടയിലെ മാജിക് ബജറ്റെന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞിരുന്നത്. ആ മാജിക് കണ്ട് ജനങ്ങള്‍ ഞെട്ടിയിരിക്കുകയാണ്. സമസ്തമേഖലയിലും ജനജീവിതം ദുരിതപൂര്‍ണമാക്കുന്നതാണീ ബജറ്റ്. 

കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും രണ്ടുതവണ നികുതി കുറച്ചിരുന്നു. അന്ന് ബിജെപി ഭരിച്ചിരുന്ന സംസ്ഥാനങ്ങളെല്ലാം ആനുപാതികമായി നികുതി കുറച്ചു. എന്നാല്‍ കേരളത്തില്‍ മാത്രം ഒരുകുറവും വരുത്തിയില്ല. ഇപ്പോള്‍ നികുതിയിനത്തില്‍ വീണ്ടും രണ്ടുരൂപ കൂട്ടിയിരിക്കുന്നു. സമസ്തമേഖലയിലും വിലക്കയറ്റത്തിനും വിലക്കയറ്റത്തിന് കാരണമാകുന്നതാണീ ബജറ്റ്. സംസ്ഥാനസര്‍ക്കാരിന്റെ വരുംനാളുകളില്‍ ജനദ്രോഹബജറ്റിനെതിരെ യുവമോര്‍ച്ച ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് പ്രഫുല്‍കൃഷ്ണ വ്യക്തമാക്കി.

Share this story