കോവിഡ് കാലത്ത് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങൽ; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: കോവിഡ് മഹാമാരിക്കാലത്തും മറ്റു കാലയളവുകളിലും സർക്കാർ ആശുപത്രികളിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ പൊതുപണം ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ അറിയിച്ചു. സർക്കാർ ആശുപത്രികളിലേക്ക് ഗുണനിലവാരം കുറഞ്ഞ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയെന്ന വിഷയം ഉന്നയിച്ച് എംഎൽഎ അബിൻ വർക്കി നൽകിയ സബ്മിഷന് തിങ്കളാഴ്ച മറുപടി നൽകുകയായിരുന്നു മന്ത്രി.
പൊതുപണം ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾ നിലവാരം കുറഞ്ഞവയാണെന്നും ദീർഘകാലമായി ഉപയോഗിക്കാതെ കിടക്കുകയാണെന്നും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ അറ്റകുറ്റപ്പണികളോ പരിപാലനമോ നടത്താതെ വാറന്റി കാലാവധി അവസാനിച്ചതിനെ തുടർന്ന് പൊതുപണം പാഴാകുന്നത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുവഴിയുണ്ടായതെന്നും മന്ത്രി പറഞ്ഞു.
വിഷയം പരിശോധിക്കാൻ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ പ്രത്യേക അന്വേഷണസംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. ഉപകരണങ്ങൾ വാങ്ങേണ്ടതിന്റെ ആവശ്യകത, ഗുണനിലവാരം, പ്രവർത്തനസജ്ജമാക്കുന്നതിലെ കാലതാമസം, ദീർഘകാലം ഉപയോഗിക്കാതിരുന്നതിന്റെ കാരണങ്ങൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം എന്നിവ സംഘം പരിശോധിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ അവ പരിശോധിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് (കെഎംഎസ്സിഎൽ) വഴി ആലപ്പുഴ മെഡിക്കൽ കോളെജിൽ എത്തിച്ച രണ്ട് ഓക്സിജൻ ഉൽപാദന പ്ലാന്റുകൾക്ക് ആവശ്യമായ അളവിലും മർദത്തിലും ഓക്സിജൻ ഉൽപാദിപ്പിക്കാൻ കഴിയുന്നില്ലെന്നും അവ പൂർണമായി പ്രവർത്തനസജ്ജമായിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. സർക്കാർ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ചില വെന്റിലേറ്ററുകളും ഗുണനിലവാരം, പ്രവർത്തനവിശ്വാസ്യത, പരിപാലനചെലവ് എന്നിവ സംബന്ധിച്ച ആശങ്കകളെ തുടർന്ന് ഉപയോഗിക്കുന്നില്ല.
കോട്ടയം, മഞ്ചേരി, കണ്ണൂർ, കോഴിക്കോട് മെഡിക്കൽ കോളെജുകളിലായി ഇത്തരത്തിലുള്ള 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാതെ കിടക്കുന്നതായാണ് റിപ്പോർട്ട്. കോവിഡ് കാലത്ത് അധികമായി ലഭിച്ച വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്ന സമാന സംഭവങ്ങൾ ആരോഗ്യവകുപ്പിന് കീഴിലുള്ള വയനാട്, എറണാകുളം ജില്ലകളിലെ സ്ഥാപനങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെഡിക്കൽ ഉപകരണങ്ങളുടെ വാങ്ങൽ, സ്ഥാപിക്കൽ, പ്രവർത്തനം, പരിപാലനം എന്നിവയിൽ ഉത്തരവാദിത്തം ഉറപ്പാക്കാനും ഭാവിയിൽ പൊതുപണം പാഴാകുന്നത് തടയാനും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
