പിവി അൻവർ ഗോഡ്‌സെയുടെ പുതിയ അവതാരം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്ന് ഹസൻ

hasan

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പിവി അൻവർ എംഎൽഎക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസൻ. നെഹ്‌റു കുടുംബത്തെയും രാഹുൽ ഗാന്ധിയെയും നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്ന് ഹസൻ ആവശ്യപ്പെട്ടു

അൻവർ ഗോഡ്‌സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയുടെ വെടിയുണ്ടകളേക്കാൾ മാരകമാണ് അൻവറിന്റെ വാക്കുകൾ. ജനപ്രതിനിധിയെന്ന നിലയിൽ ഒരിക്കലും നാവിൽ നിന്ന് വീഴാൻ പാടില്ലാത്ത പരാമർശമാണ് അൻവർ നടത്തിയത്. പിണറായി വിജയനാണ് ഇത് അൻവറെ കൊണ്ട് പറയിപ്പിച്ചതെന്നും ഹസൻ പറഞ്ഞു

രാഹുലിന്റെ ഡിഎൻഎ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു അൻവറിന്റെ വിവാദ പരാമർശം. ഗാന്ധി എന്ന പേര് കൂടെ ചേർത്ത് പറയാൻ അർഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുൽ ഗാന്ധിയെന്നും പി വി അൻവർ വിമർശിച്ചിരുന്നു.
 

Share this story