മത്സരിക്കാൻ വിസമ്മതിച്ച തന്നെ മേയറാക്കാമെന്ന ഉറപ്പിലാണ് മത്സരിച്ചത്: അതൃപ്തി പരസ്യമാക്കി ആർ ശ്രീലേഖ
തിരുവനന്തപുരം കോർപറേഷൻ മേയർ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി പ്രകടമാക്കി കൗൺസിലർ ആർ ശ്രീലേഖ. തെരഞ്ഞെടുപ്പിൽ നിർത്തിയത് കൗൺസിലറാകാൻ വേണ്ടി മാത്രമല്ല. മേയറാക്കുമെന്ന വാഗ്ദാനത്തിന്റെ പുറത്താണെന്ന് ശ്രീലേഖ തുറന്നടിച്ചു. മത്സരിക്കാൻ വിസമ്മതിച്ച തന്നെ മേയറാക്കാമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്.
അത് കേട്ടപ്പോൾ താനായിരിക്കും കോർപറേഷൻ തെരഞ്ഞെടുപ്പിന്റെ മുഖമെന്നാണ് കരുതിയത്. എല്ലാ സ്ഥാനാർഥികൾക്ക് വേണ്ടിയും പ്രവർത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് താൻ. പത്ത് സ്ഥാനാർഥിയെ ജയിപ്പിക്കാനുള്ള ചുമതലയും നൽകി. അവസാനം കൗൺസിലറാകേണ്ട സാഹചര്യത്തിൽ പാർട്ടി പറഞ്ഞത് അംഗീകരിച്ച് നിന്നു
രാജേഷിന് കുറച്ചുകൂടി മികച്ച രീതിയിൽ മേയറായി പ്രവർത്തിക്കാൻ പറ്റുമെന്നും ആശാനാഥിന് ഡെപ്യൂട്ടി മേയറായും പ്രവർത്തിക്കാൻ പറ്റുമെന്നും കേന്ദ്ര നേതൃത്വത്തിന് തോന്നിയതാകാം കാരണം. നേതൃത്വത്തോട് തർക്കമില്ല. കൗൺസിലറായി അഞ്ച് വർഷം തുടരുമെന്നും ശ്രീലേഖ പറഞ്ഞു
