ആർ. സുഗതന്റെ അവധി അപേക്ഷ; ആഭ്യന്തരവകുപ്പിന്റെ കത്ത് റദ്ദാക്കി

Sugathan Con

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയിൽ ആഭ്യന്തരവകുപ്പ് നൽകിയ കത്തും റദ്ദാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുള്ള പരാതിയിൽ തിരിച്ചടിയാകാതിരിക്കാനാണ് കത്ത് റദ്ദാക്കിയതെന്നാണ് സൂചന.

കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ പ്രത്യേക പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സുഗതൻ ആഭ്യന്തരവകുപ്പിന് അപേക്ഷ നൽകിയത്. അപേക്ഷ തദ്ദേശവകുപ്പിന് കൈമാറിയതിനെ തുടർന്ന്, അവധി അപേക്ഷ നൽകാമെന്ന് വ്യക്തമാക്കി തദ്ദേശവകുപ്പ് കത്ത് നൽകിയിരുന്നു. ഇതേ കത്താണ് ആഭ്യന്തരവകുപ്പും സുഗതന് മറുപടിയായി നൽകിയത്.

തദ്ദേശവകുപ്പിന്റെ കത്ത് റദ്ദാക്കിയതിന് പിന്നാലെയാണ് ആഭ്യന്തരവകുപ്പും സമാന നടപടി സ്വീകരിച്ചത്. സുഗതന്റെ അവധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫും എൽഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.അതേസമയം, സുഗതന്റെ കൗൺസിലർ സ്ഥാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും തിരുവനന്തപുരം കോർപ്പറേഷനിലെ പ്രതിപക്ഷ കക്ഷികൾ ഒരുങ്ങുകയാണ്.

Tags

Share this story