വോട്ട് ചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍; കൂക്കുവിളിയും പ്രതിഷേധവും

Rahul

ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയത്. രണ്ട് കേസിലും അറസ്റ്റ് തടഞ്ഞതോടെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന എൽഎൽഎ പുറത്തുവന്നത്. 15 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്.

പറയാനുള്ളത് കോടതിയിൽ പറയുമെന്നും കോടതി തീരുമാനിക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. സത്യം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പ്രദേശത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂക്കുവിളിയും പ്രതിഷേധവുമുണ്ടായി.

അതിനിടെ രണ്ടാമത്തെ പീഡനകേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ ഹൈകോടതിയിൽ അപ്പീൽ നൽകി. രാഹുൽ സ്ഥിരംകുറ്റവാളിയെന്ന് സർക്കാർ പറഞ്ഞു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയായിരുന്നു മുൻ‌കൂർ ജാമ്യം അനുവദിച്ചത്.

രാഹുലിന് ജാമ്യം അനുവദിച്ചുള്ള തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവിൽ ചില ഗുരുതരമായ പരാമർശങ്ങളുണ്ട്. ഇത് കേസിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തരമായി സർക്കാർ ഹൈക്കോടതിയിൽ ജാമ്യം റദ്ദ് ചെയ്യാൻ അപ്പീൽ നൽകിയത്. സെഷൻസ് കോടതി തെളിവുകൾ കൃത്യമായി പരിഗണിച്ചില്ല. രാഹുൽ സ്ഥിരം കുറ്റവാളിയാണ്. ജാമ്യം അനുവദിച്ചാൽ കേസ് ആട്ടിമറിക്കാൻ സാധ്യതയുണ്ട് തുടങ്ങിയ കാര്യങ്ങളാണ് അപീൽ ഹർജിയിൽ ഉള്ളത്.

ആദ്യ കേസിൽ അറസ്റ്റ് തടഞ്ഞ ഹൈകോടതി 15 ന് വീണ്ടും മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. ഈ കേസിൽ രണ്ടാംപ്രതിയായ രാഹുലിന്റെ സുഹൃത്ത് ജോബ് ജോസഫ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

Tags

Share this story