രാഹുല്‍ ഒളിവില്‍ തന്നെ; പൊലീസ് സംഘം കോടതി പരിസരത്ത് നിന്ന് മടങ്ങി: ജഡ്ജിയും മടങ്ങി

MJ Rahul

കാസര്‍കോട്: ഹോസ്ദുര്‍ഗ് കോടതി ജഡ്ജിയും കോടതി പരിസരത്ത് സജ്ജമായിരുന്ന പൊലീസ് സന്നാഹവും മടങ്ങിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ കുടകില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രാഹുല്‍ കീഴടങ്ങിയേക്കുമെന്നും കാസര്‍കോടേക്ക് എത്തിയെന്നുമായിരുന്നു അഭ്യൂഹങ്ങള്‍. ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് പൊലീസിനെ വിന്യസിച്ചതോടെ അഭ്യൂഹം ശക്തിപ്പെടുകയായിരുന്നു. രാഹുല്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായെന്നും സ്ഥിരീകരിക്കാത്ത വിവരം വന്നിരുന്നു.

രാഹുലിനെ കാത്ത് പൊതിച്ചോറുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കോടതി പരിസരത്തെത്തിയിരുന്നു. രാഹുലിന് ഇന്ന് പട്ടിണി കിടക്കേണ്ടിവരില്ലെന്നും ഡിവൈഎഫ്‌ഐ പൊതിച്ചോറ് കൊടുക്കുമെന്നുമായിരുന്നു പരിഹാസം. ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് അനാശാസ്യമാണെന്ന് പറഞ്ഞ രാഹുലിനെതിരായ പ്രതിഷേധമാണിതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

അതിനിടെ മുന്‍കൂര്‍ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാലുടന്‍ ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനം. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുല്‍ മാങ്കൂട്ടത്തിലിനായി ഹാജരാകുക.

Tags

Share this story