സ്‌കൂൾ ശാസ്‌ത്രോത്സവം വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ: ഭാവിയിൽ ഇത്തരം സാഹചര്യമുണ്ടാകില്ലെന്ന് മന്ത്രി

rahul sivankutty

സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമടക്കം വലിയൊരു സമൂഹം പങ്കെടുക്കുന്ന പൊതുപരിപാടിയുടെ വേദിയിൽ എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസിലാക്കുന്നു

ഇത്തരം വിവാദങ്ങൾക്ക് ഇടവരുത്തുന്നത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങൾക്ക് യോജിച്ചതല്ല. ഒരു ജനപ്രതിനിധിയെ നിയമപരമായി വേദിയിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ലെങ്കിലും പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുമ്പോൾ പാലിക്കേണ്ട ധാർമികമായ ഉത്തരവാദിത്തവും മാന്യതയും ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ടതുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ നിലവിൽ അന്വേഷണത്തിലാണ്

നിയമം അതിന്റെ വഴിക്ക് പോകട്ടെ. എന്നാൽ പൊതുസമൂഹത്തിൽ പ്രത്യേകിച്ചും കുട്ടികൾക്ക് മാതൃകയാകേണ്ട വേദികളിൽ ആരോപണവിധേയരായ വ്യക്തികൾ സ്വയമേവ വിട്ടുനിൽക്കുന്നതാണ് ഉചിതമായ നിലപാടെന്ന് സർക്കാർ വിശ്വസിക്കുന്നു. ഭാവിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ വിദ്യാർഥികളുടെയും പൊതുസമൂഹത്തിന്റെയും ആത്മവിശ്വാസത്തെയും ധാർമിക ചിന്തകളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താനുള്ള നിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു
 

Tags

Share this story