അതിഥി തൊഴിലാളികളെ ഓടിക്കാൻ പറ്റിയ അവസരമാണിത്, ഇവരെ നാടിന് ആവശ്യമില്ല; വിവാദ പ്രസംഗവുമായി രാജസേനൻ

അതിഥി തൊഴിലാളികളെ ഓടിക്കാൻ പറ്റിയ അവസരമാണിത്, ഇവരെ നാടിന് ആവശ്യമില്ല; വിവാദ പ്രസംഗവുമായി രാജസേനൻ

അതിഥി തൊഴിലാളികളെ കേരളത്തിൽ നിന്ന് ഓടിക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവും സംവിധായകനുമായ രാജസേനൻ. ഇവർ നാടിന് ആപത്താണ്. എത്രയും പെട്ടെന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ നാട്ടിൽ നിന്നും ഓടിക്കണമെന്നും രാജസേനൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു

രാജസേനന്റെ വാക്കുകൾ.

നമസ്‌കാരം, 21 ദിവസം പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞതനുസരിച്ച് മലയാളി എല്ലാ നഷ്ടങ്ങളും സഹിച്ച് വീട്ടിനുള്ളിൽ അടച്ച് ഇരിക്കുകയാണ്. അപ്പോഴാണ് ഒരു സംഘം ആൾക്കാർ ഇന്നലെ പായിപ്പാട്ട് ഭക്ഷണമില്ല, വെള്ളമില്ല എന്നൊക്കെ പറഞ്ഞ് സമരം ചെയ്യാൻ തുടങ്ങിയത്.

അവരെ നമ്മൾ മുമ്പ് വിളിച്ചിരുന്നത് അന്യസംസ്ഥാന തൊഴിലാളികൾ എന്നാണ്. എന്നാൽ ഇന്നലെ പെട്ടന്ന് ചില ചാനലുകൾ എല്ലാം ഇവരെ അതിഥി തൊഴിലാളികൾ ആക്കി. അതിഥി എന്ന വാക്കിന്റെ അർഥം അപ്രതീക്ഷിതമായി വീട്ടിൽ വരുന്ന വിരുന്നുകാരൊന്നൊക്കെയാണ്. അതിഥികളെ വീട്ടിലേയ്ക്കു ക്ഷണിക്കുന്നത് ശമ്പളം കൊടുത്തിട്ടാണോ? ഇവരെ മറ്റു ചിലകാര്യങ്ങൾക്കു വേണ്ടി നമ്മുടെ നാട്ടിലെ ചിലർ ഉപയോഗിക്കുന്നോ എന്ന് നമ്മൾ സംശയിക്കേണ്ടിയിരിക്കുന്നു.

പ്രത്യേകിച്ച് പൗരത്വബില്ലിനെതിരെ ഇവർ നടത്തിയ സമരം, ഇന്നലെ ഇവർ കാട്ടിക്കൂട്ടിയത്, ഇത്രയും ജാഗ്രതയോടെ ഒരു വൃതം പോലെ എല്ലാവരും വീട്ടിലിരിക്കുമ്പോൾ അതിനെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു ഇന്നലെ ഇവരുടെ കോപ്രായങ്ങൾ. അപ്പോൾ അവരുടെ ലക്ഷ്യം ആഹാരവും വെള്ളവും ഒന്നുമല്ല, മറ്റെന്തോ ആണ്.

ഒരു പത്തുവർഷം മുമ്പ് നമ്മുടെ നാട്ടിലെ ഏത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാലും നമുക്ക് ഒരസുഖവും വരില്ലായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയെല്ല. ഈ അന്യസംസ്ഥാന തൊഴിലാളികളെ ഹോട്ടലിൽ കയറ്റിയതോടു കൂടി ഹോട്ടലിന്റെ അന്തരീക്ഷം വൃത്തിഹീനമായി മാറി എന്ന് പറയാം. കാരണം ഇവർക്ക് തുച്ഛമായ ശമ്പളം മതി. ഇവർ നിന്നോളും. നമ്മൾ ആലോചിക്കേണ്ടത് ഓരോ മലയാളിയുടെയും തൊഴിൽ സാധ്യതയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്, അത് മറക്കരുത്.

Share this story