രാജ്യത്തിന്റെ ചരിത്രം തിരുത്താൻ മുസ്ലിം ലീഗ് ശ്രമിക്കേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ; സവർക്കർ ചോദ്യ വിവാദത്തിൽ ശക്തമായ പ്രതികരണം
കൊച്ചി: രാജ്യത്തിന്റെ ചരിത്രം തിരുത്തി എഴുതാൻ മുസ്ലിം ലീഗ് ശ്രമിക്കേണ്ടതില്ലെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. സ്വാതന്ത്ര്യസമര ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളോട് കൊച്ചിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ ചരിത്രം എന്താണെന്ന് ഓരോരുത്തർക്കും വ്യക്തമായി അറിയാം. അത് തീരുമാനിക്കേണ്ടത് മുസ്ലിം ലീഗല്ല. സവർക്കറെ ഇഷ്ടമല്ലെങ്കിൽ ലീഗ് നേതാക്കൾ ടിപ്പു സുൽത്താന്റെ പുസ്തകം വായിക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.
വിദ്യാഭ്യാസ മേഖലയെ മുൻനിർത്തി മുസ്ലിം ലീഗ് എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടത്തിയാൽ ബിജെപി അതിനെ ശക്തമായി ചെറുക്കുമെന്നും രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളുകളിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെ വിഷയം ഏറ്റെടുത്ത് പ്രതിഷേധവുമായി മുന്നോട്ടുവന്ന മുസ്ലിം ലീഗ് നിലപാടിനെതിരെയാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്.
