രാംലല്ല അഭിഭാഷകനും മാസപ്പടി അഭിഭാഷകനും ഒന്ന്; സിപിഎം ബിജെപി ബന്ധത്തിന്റെ ഒടുവിലത്തെ തെളിവെന്ന് കെ സുധാകരൻ

K Sudhakaran

എക്‌സാലോജിക് ഇടപാട് മുഖ്യമന്ത്രിക്ക് പേടിസ്വപ്‌നമായി മാറിയപ്പോഴാണ് അയോധ്യക്കേസിൽ രാംലല്ലക്ക് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി എസ് വൈദ്യനാഥനെ കേരളാ സർക്കാരിന് വേണ്ടി കെ എസ് ഐ ഡി സി ചുമതലപ്പെടുത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗാഢബന്ധത്തിന്റെ ഒടുവിലത്തെ തെളിവാണിത്. 

രാംലല്ലയുടെ അഭിഭാഷകനും മാസപ്പടി കേസിലെ അഭിഭാഷകനും ഒന്നായത് യാദൃശ്ചികമല്ല. സുരക്ഷിതത്വം ഉറപ്പാക്കാൻ സംഘ്പരിവാർ കൂടാരത്തിലാണ് മുഖ്യമന്ത്രിയും മകളും എത്തിയിരിക്കുന്നത്. രക്ഷപ്പെടാൻ ആരുമായും സമരസപ്പെടുന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി ഇപ്പോൾ. ക്ഷേമപെൻഷൻ പോലും നൽകാൻ പണമില്ലാത്തപ്പോഴാണ് 25 ലക്ഷം രൂപ മുടക്കി ഈ അഭിഭാഷകനെ ഇറക്കുന്നത്. 

പിണറായി വിജയൻ അധികാരത്തിൽ വന്ന ശേഷം ഒരു കേന്ദ്രവിരുദ്ധ സമരം പോലും നടത്തിയിട്ടില്ല. യുപിഎ ഭരിക്കുമ്പോൾ ദിവസേന എന്നപോലെ സമരം നടത്തിയവരാണ് ഇപ്പോൾ ചുരുണ്ടുകൂടി ഇരിക്കുന്നത്. ഡൽഹിയിൽ നടത്തുമെന്ന് പറഞ്ഞ സമരത്തെ പൊതുസമ്മേളനമാക്കി മാറ്റിയ ഭീരുക്കളാണ് ഇവരെന്നും സുധാകരൻ പറഞ്ഞു.
 

Share this story