രാംനാരായണന്റെ മൃതദേഹം സർക്കാർ ചെലവിൽ ഛത്തിസ്ഗഡിലെത്തിക്കും; 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും
വാളയാറിൽ ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊല്ലപ്പെട്ട ജാർഖണ്ഡ് സ്വദേശി രാംനാരയൺ ബഗേലിന്റെ കുടുംബവുമായി റവന്യു മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ നടന്ന ചർച്ച വിജയകരം. 10 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം നൽകാമെന്ന് മന്ത്രി ഉറപ്പ് നൽകി. മൃതദേഹം എംബാം ചെയ്ത ശേഷം ഛത്തിസ്ഗഡിലേക്ക് സർക്കാർ ചെലവിൽ എത്തിക്കും.
രാംനാരായണന്റെ ബന്ധുക്കളെയും വിമാനമാർഗം നാട്ടിലെത്തിക്കും. കേസിൽ ആൾക്കൂട്ട കൊലപാതകം, പട്ടികജാതി, പട്ടിക വർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ കൂടി ഉൾപ്പെടുത്താമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.
മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബം തയ്യാറാകാതെ വന്നതോടെയാണ് സർക്കാർ ചർച്ചക്ക് തയ്യാറായത്. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ചർച്ചയിൽ മന്ത്രി കെ രാജൻ, തൃശ്ശൂർ ജില്ലാ കലക്ടർ, മരിച്ച രാംനാരായണന്റെ ഭാര്യ ലളിത, കുട്ടികൾ, ബന്ധുക്കൾ എന്നിവർ പങ്കെടുത്തു
