കടമെടുപ്പിൽ വീണ്ടും തടയിടൽ; കേരളത്തെ ഒതുക്കാനുള്ള കേന്ദ്രത്തിന്‍റ നീക്കമെന്ന് ആക്ഷേപം

Roppa

തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ കടമെടുപ്പ് പരിധിയില്‍ വീണ്ടും തടയിടൽ നടത്തി കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കേരളത്തെ സാമ്പത്തികമായി കൂടുതല്‍ ഞെരുക്കാനുള്ള ആസൂത്രിതമായ കേന്ദ്ര നീക്കത്തിന്‍റെ ഭാഗമാണിതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

 കേന്ദ്ര നീക്കത്തോടെ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ കേരളത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ നിന്ന് 5600 കോടി രൂപയാണ് കേരളത്തിന് നഷ്ടമായത്. ജനുവരി മുതല്‍ മാര്‍ച്ച് വരെ 7437.61 കോടി രൂപ വായ്പ എടുക്കാന്‍ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടപ്പോള്‍ 1838 കോടി മാത്രമാണ് അനുവദിച്ചത്. ഇതോടെ സംസ്ഥാനത്തിന്‍റെ വര്‍ഷാന്ത്യ ചെലവുകള്‍ കൂടുതല്‍ പരുങ്ങലിലാകുമെന്ന് ഉറപ്പായി. നടപ്പുസാമ്പത്തിക വര്‍ഷം 45,689.61 കോടി രൂപയായിരുന്നു കേരളത്തിന് കടമെടുക്കാന്‍ അനുവാദം ഉണ്ടായിരുന്നത്.

ഇതില്‍ 32,442 കോടി പൊതു വിപണിയില്‍ നിന്ന് കടമെടുക്കാന്‍ സാമ്പത്തിക വര്‍ഷം ആദ്യം കേന്ദ്രം സമ്മതിക്കുകയും ചെയ്തിരുന്നു. ഒപ്പം നബാര്‍ഡ്, ദേശീയ സമ്പാദ്യ പദ്ധതി ഉള്‍പ്പടെ സ്രോതസ്സുകളില്‍ നിന്ന് 14,400 കോടി രൂപ കടം എടുക്കാനും അനുമതി ലഭിച്ചിരുന്നു. ഇതുപ്രാകരം ഡിസംബര്‍ വരെ പൊതു വിപണിയില്‍ നിന്ന് 23,852 കോടി രൂപയുടെ കടമെടുക്കാനായിരുന്നു അനുമതി ലഭിച്ചിരുന്നത്. ഇതനുസരിച്ച് സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ 7437.61 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയത്. ഇതില്‍ 5600 കോടി രൂപ വെട്ടിക്കളഞ്ഞ കേന്ദ്രം 1838 കോടി രൂപ വായ്പ എടുക്കാനാണ് അനുവാദം നല്‍കിയിരിക്കുന്നത്.

അതേസമയം പ്രതീക്ഷിത സാമ്പത്തിക സ്രോതസില്‍ നിന്ന് 5600 കോടി കുറഞ്ഞതോടെ സംസ്ഥാനത്തിന്‍റെ അവസാനപാദ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ തിരിച്ചടി നേരിടും. നിലവിലെ സെപ്തംബര്‍ മുതലുള്ള സാമൂഹിക സുരക്ഷാ ക്ഷേമ പെന്‍ഷനുകള്‍ കുടിശികയാണ്. ഇതോടൊപ്പം തദേശ സ്ഥാപനങ്ങളിലെ വാര്‍ഷിക പദ്ധതി പൂര്‍ത്തിയാക്കലും ഇതേകലായളവിലാണ്. കേന്ദ്രസര്‍ക്കാറിന്‍റെ ശത്രുതാപരമായ നീക്കം സംസ്ഥാനത്തെ തദ്ദേശ സ്ഥാപന വിഹിതം അടക്കമുളള വര്‍ഷാന്ത്യ ചെലവുകളെല്ലാം പ്രതിസന്ധിയിലാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സമയത്ത് വായ്പാ പരിധി കുറച്ചത് ബോധപൂര്‍വമാണെന്ന വിമര്‍ശമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമായും ഉന്നയിക്കുന്നത്.

Share this story