ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ഈ വര്‍ഷം ലഭിച്ചത് 332.77 കോടി

ശബരിമല

ശബരിമലയിൽ വരുമാനത്തിൽ വൻ വർധന. മണ്ഡലകാലമായ 40 ദിവസത്തില്‍ 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 332.77 കോടി രൂപ (332,77,05,132)യാണ് ശബരിമലയില്‍ വെള്ളിയാഴ്ച വരെയുള്ള വരുമാനം. കഴിഞ്ഞ സീണണിലെ മണ്ഡലമഹോത്സവകാലത്തെ വരുമാനത്തേക്കാള്‍ കൂടുതലാണിത്. കാണിക്കയായി 83.17 കോടി ലഭിച്ചു.

കഴിഞ്ഞ വര്‍ഷത്തെ ആകെ വരുമാനം 297.06 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായി. കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയത് 32, 49, 756 പേരായിരുന്നു

അതേസമയം മണ്ഡലപൂജയിൽ ഭക്തി സാന്ദ്രമായി ശബരിമല സന്നിധാനം. വ്രതശുദ്ധിയുടെ 41 ദിനരാത്രങ്ങളാണ് കടന്നു പോയത്. 11മണിയോടെ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ പൂർത്തിയായി. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡല കാലത്തിന് പരിസമാപ്തിയാകും. രാവിലെ 10.10ഓടെ തന്ത്രി മഹേഷ്‌ മോഹനരുടെയും മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയുടെയും കാർമികത്വത്തിലാണ് മണ്ഡല പൂജ ചടങ്ങുകൾക്ക് തുടക്കമായത്.

Tags

Share this story