റെഡ് അലർട്ട്: കോഴിക്കോട്ടും വയനാടും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Rain School

കോഴിക്കോട് / വയനാട്: വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് കോഴിക്കോട്, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.

​പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടങ്ങൾ ഈ തീരുമാനമെടുത്തത്.

ശ്രദ്ധിക്കുക: യൂണിവേഴ്സിറ്റി പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ എന്നിവ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുന്നതാണ്. കൂടാതെ റസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും ഈ അവധി ബാധകമല്ല.

​അതിശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമില്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും, പുഴകളിലോ മറ്റ് വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ കളക്ടർമാരും പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags

Share this story