ഹൈക്കോടതി വിലക്ക് ലംഘിച്ച് ഗുരുവായൂരിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസ്
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരിൽ വീണ്ടും റീൽസ് ചിത്രീകരണം. ചിത്രകാരി കൂടിയായ ജസ്‌ന സലീമിനെതിരെ ഗുരുവായൂർ പോലീസ് കേസെടുത്തു. പടിഞ്ഞാറെ നടയിൽ വെച്ചാണ് ജസ്‌ന റീൽസ് ചിത്രീകരിച്ചത്. നേരത്തെ ഇവർ ഗുരുവായൂർ ക്ഷേത്രത്തിൽ റിലീസ് ചിത്രീകരിച്ചതും കേക്ക് മുറിച്ചതും ഹൈക്കോടതിയിൽ പരാതിയായി എത്തിയിരുന്നു
തുടർന്ന് ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിൽ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം നിലനിൽക്കെയാണ് ജസ്‌ന സലീം വീണ്ടും റീൽസ് ചിത്രീകരിച്ചത്. ജസ്‌ന സലീമിനൊപ്പമുണ്ടായിരുന്ന ആർ എൽ ബ്രൈറ്റ് ഇൻ എന്ന വ്‌ളോഗർക്കെതിരെയും അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്
നേരത്തെ ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് ബിഗ് ബോസ് താരം ജാസ്മിൻ ജാഫറിനെതിരെ കേസെടുത്തിരുന്നു. ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകുന്ന വീഡിയോയാണ് ഇവർ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അഹിന്ദുക്കൾക്ക് ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഇറങ്ങാൻ അനുമതി ഇല്ലെന്നിരിക്കെയായിരുന്നു റീൽസ് ചിത്രീകരണം.
