കനഗോലു അല്ല ഏത് കോല് വന്നാലും ജനങ്ങളുമായുള്ള ബന്ധമാണ് പ്രധാനം: മന്ത്രി റിയാസ്
തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭരണവിരുദ്ധ വികാരം ഇല്ല എന്നും ഉണ്ടായിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല സ്ഥിതി എന്നും റിയാസ് പറഞ്ഞു. കുടുംബയോഗങ്ങളിൽ പങ്കെടുത്തപ്പോൾ ഭരണത്തിനെതിരെയോ വികസനത്തിനെതിരെയോ ചോദ്യങ്ങൾ വന്നിട്ടില്ല. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും അവിടുത്തെ പ്രശ്‌നങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത് എന്നും മന്ത്രി പറഞ്ഞു.
വികസനവും ക്ഷേമപ്രവർത്തനങ്ങളും ജനങ്ങൾ അംഗീകരിക്കുന്നുവെന്നും അത് ജനങ്ങളിൽ എത്തിക്കുന്നതിൽ പാളിച്ച പറ്റിയോ എന്നത് പരിശോധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനുഗോലുവിനെയും റിയാസ് വിമർശിച്ചു. കനുഗോലു അല്ല ഏത് കോലു വന്നാലും ജനങ്ങളുമായുള്ള ബന്ധമാണ് പ്രധാനം. നാട്ടിലെ ജനങ്ങളുമായി സംവദിച്ചുകൊണ്ടാണ് താൻ മുന്നേറുന്നത്. അവരുമായുള്ള ബന്ധമാണ് തനിക്ക് പ്രധാനം.
കനഗോലു അദ്ദേഹത്തിന്റെ ജോലിയാണ് ചെയ്യുന്നത്. കോൺഗ്രസിന്റെ ആദർശത്തിന്റെ ഭാഗമായാണോ കനഗോലു പ്രവർത്തിക്കുന്നത്. അയാളുടെ കഞ്ഞികുടി മുട്ടിക്കാൻ ഞാനില്ല എന്നും മന്ത്രി വ്യക്തമാക്കി. ബേപ്പൂരിൽ പി വി അൻവറിനെ സ്ഥാനാർഥിയാക്കുമോ ഇല്ലയോ എന്നത് യുഡിഎഫ് ആണ് തീരുമാനിക്കേണ്ടത് എന്നും റിയാസ് പറഞ്ഞു.
