ഒരു കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ; ബോട്ട് മുങ്ങിയ സ്ഥലത്ത് തെരച്ചിൽ ഊർജിതം

tanur

താനൂരിൽ ബോട്ട് മുങ്ങിയ സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേനയും ഫയർഫോഴ്‌സും തെരച്ചിൽ നടത്തുന്നു. 21 അംഗ എൻഡിആർഎഫ് സംഘവും ഫയർ ഫോഴ്‌സുമാണ് തെരച്ചിൽ തുടങ്ങിയത്. വെള്ളം തെളിഞ്ഞ് തുടങ്ങിയതും വെളിച്ചം വീണതും രക്ഷാപ്രവർത്തനത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ പുഴയിലെ അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തെ ബാധിച്ചേക്കാമെന്ന ആശങ്കയുമുണ്ട്

ഒരു കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞതിനെ തുടർന്നാണ് തെരച്ചിൽ പുരോഗമിക്കുന്നത്. നേവിയും സ്ഥലത്ത് എത്തിയിട്ടുണ്ട്. കോസ്റ്റ് ഗാർഡിന്റെ സഹായവും തേടിയിട്ടുണ്ട്. ബോട്ടിൽ എത്ര പേരുണ്ടായിരുന്നു എന്നതിന് ഇപ്പോഴും വ്യക്തതയില്ല. കുട്ടികൾ കൂടാതെ 39 പേർക്ക് ടിക്കറ്റ് നൽകിയെന്നാണ് റിപ്പോർട്ടുകൾ. നാൽപതിലേറെ പേർ അപകട സമയത്ത് ബോട്ടിലുണ്ടായിരുന്നു. 

അപകടത്തിൽപ്പെട്ടവർ ഒഴുകി പോയതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. അനുവദനീയമായതിലും കൂടുതൽ പേരെ കയറ്റിയതാണ് ബോട്ട് മറിയാൻ കാരണമായത്. കൂടുതൽ പേർ അപകടത്തിൽ പെട്ടിരിക്കാമെന്നാണ് ആശങ്ക. കാണാതായവർ ഇനിയുമുണ്ടോ എന്നറിയാനാണ് തെരച്ചിൽ തുടരുന്നത്.
 

Share this story