പോലീസ് അസോസിയേഷൻ പുനക്രമീകരണം; സർക്കാരിന് തിരിച്ചടി
കേരള പൊലീസിലെ സംഘടനാ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് ഇടക്കാല സ്റ്റേ അനുവദിച്ചു. കേരള പൊലീസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. സർക്കാർ നിയോഗിച്ച അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനവും കോടതി താൽക്കാലികമായി വിലക്കി. ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളി.
പോലീസ് സംഘടനകളെ പുനഃക്രമീകരിച്ച് പുതിയ അംഗത്വഘടനയും ഭരണസംവിധാനവും നടപ്പാക്കാൻ ലക്ഷ്യമിട്ടാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. എന്നാൽ സർക്കാർ ഉത്തരവിന്റെ തുടർനടപടികൾക്ക് സ്റ്റേ അനുവദിച്ച കോടതി, ഹർജിയിൽ സംസ്ഥാന ആഭ്യന്തര വകുപ്പിനും മറ്റ് എതിർകക്ഷികൾക്കും നോട്ടീസ് അയച്ചു.
ഹർജി പരിഗണിക്കവെ സർക്കാരിനോട് കോടതി നിർണായക ചോദ്യങ്ങളും ഉന്നയിച്ചു. പൊലീസ് സംഘടനകളുടെ ആസ്തി 60:40 അനുപാതത്തിൽ വിഭജിക്കാൻ സ്വീകരിച്ച മാനദണ്ഡമെന്താണെന്നും, സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിലാണോ ഈ തീരുമാനമെന്നും കോടതി ചോദിച്ചു. ഈ വിഷയങ്ങളിൽ സർക്കാരിന്റെ വിശദമായ വിശദീകരണം ലഭിക്കുന്നതുവരെ ഉത്തരവിലെ തുടർനടപടികൾ മരവിപ്പിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. സർക്കാരിന്റെ മറുപടി ലഭിച്ചശേഷം ഹർജി വീണ്ടും പരിഗണിക്കും.
