രക്ഷാപ്രവർത്തകൻ ആർ. രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയത് ചാവക്കാട് വരെ; ഒടുവിൽ വാഹനം മാറ്റി
കണ്ണൂർ/തൃശ്ശൂർ: കണ്ണൂർ ചെറുപുഴയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആർ. രാജേഷിന്റെ (36) ഭൗതികദേഹത്തോട് അധികൃതരുടെ ഗുരുതര അനാദരവ്. പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ മൃതദേഹം ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിലാണ് അയച്ചതെന്നാണ് ആരോപണം.
ചൊവ്വാഴ്ച രാത്രി 8.30-ഓടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി വിട്ടുനൽകിയ മൃതദേഹം എംബാം ചെയ്യുകയോ ഫ്രീസർ സംവിധാനമുള്ള വാഹനം ഏർപ്പെടുത്തുകയോ ചെയ്തിരുന്നില്ല. വെള്ളത്തിൽ വീണു മരിച്ചതിനാൽ ശരീരം വീർത്ത നിലയിലായിരുന്നു. തിരുവനന്തപുരത്തേക്കുള്ള ദീർഘദൂര യാത്രയ്ക്കിടെ തൃശ്ശൂർ ചാവക്കാട് എത്തിയപ്പോഴേക്കും മൃതദേഹത്തിൽനിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങുകയായിരുന്നു.
തുടർന്ന് ചാവക്കാട് വെച്ച് മറ്റ് ആംബുലൻസ് ഡ്രൈവർമാരുടെ സഹായത്തോടെ ഹയാത്ത് ആശുപത്രിക്ക് സമീപത്തുവെച്ച് ഭൗതികദേഹം ഫ്രീസർ സൗകര്യമുള്ള പുതിയ സ്വകാര്യ ആംബുലൻസിലേക്ക് മാറ്റിയാണ് യാത്ര തുടർന്നത്. മൃതദേഹം വഴിമധ്യേ മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നു.
ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് വിട്ടുനൽകണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും സാമ്പത്തിക തടസ്സങ്ങളുമാണ് സാധാരണ ആംബുലൻസിൽ മൃതദേഹം കയറ്റിവിടാൻ കാരണമായതെന്നാണ് പരാതി. സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകി മറ്റൊരാളുടെ ജീവൻ രക്ഷിച്ച രക്ഷാപ്രവർത്തകന്റെ ഭൗതികശരീരത്തോട് കാട്ടിയ ഈ അനാദരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവരുന്നത്.
