​'അമ്മ'യിൽ വീണ്ടും രാജി; പ്രാഥമിക അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും

രേവത് പത്മ

കോഴിക്കോട്: മലയാള ചലച്ചിത്ര താരസംഘടനയായ 'അമ്മ'യിൽ (AMMA) നിന്ന് വീണ്ടും രാജി. പ്രമുഖ നടിമാരായ രേവതിയും പത്മപ്രിയയുമാണ് സംഘടനയുടെ പ്രാഥമിക അംഗത്വം രാജിവെച്ചത്. എന്നാൽ നിലവിൽ സംഘടനയിൽ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല തങ്ങളുടെ രാജിയെന്ന് ഇരുവരും സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.

​ഒരു ദശാബ്ദക്കാലത്തോളം പല ആവശ്യങ്ങൾക്കായി സംഘടനയ്ക്കുള്ളിൽ പോരാടിയെങ്കിലും സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൗനവും അകൽച്ചയുമായിരുന്നു തങ്ങൾക്ക് ലഭിച്ച മറുപടിയെന്ന് നടിമാർ ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ സംഘടനയിലുണ്ടായ കൂട്ടരാജികൾ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങൾ മാത്രമായിരുന്നു. പൊതുശ്രദ്ധ മാറിയതോടെ സംഘടനയിൽ പഴയ രീതികളും അധികാരക്രമങ്ങളും വീണ്ടും തിരിച്ചുവന്നതായും അവർ പ്രസ്താവനയിൽ വിമർശിച്ചു.

​ഈ പടിയിറക്കം ഒരു പിന്മാറ്റമല്ല, മറിച്ച് തങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണ്. സംഘടനയുടെ നിലനിൽപ്പിന് ആധാരം വ്യക്തികളല്ല, മറിച്ച് അതിന്റെ വിശ്വാസ്യതയാണെന്നും രേവതിയും പത്മപ്രിയയും കൂട്ടിച്ചേർത്തു.

Tags

Share this story