തിയേറ്ററുകളിലെ കൊള്ള; പോപ്‌കോണിനും വെള്ളത്തിനും അമിതവില ഈടാക്കുന്നു: കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പ്

ലീഗൽ

കൊച്ചി: സിനിമാ തിയേറ്ററുകളിൽ പോപ്‌കോൺ, കുടിവെള്ളം അടക്കമുള്ള ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന. കൊച്ചിയിലെ പ്രധാന മാളുകളിലെ മൾട്ടിപ്ലക്സ് തിയേറ്ററുകളോട് ചേർന്നുള്ള കഫെറ്റീരിയകളിലാണ് പരിശോധന നടക്കുന്നത്. വിൽക്കുന്ന സാധനങ്ങളുടെ വില, അളവ്, തൂക്കം എന്നിവയിൽ കൃത്രിമത്വമോ അമിതവില ഈടാക്കലോ നടക്കുന്നുണ്ടോ എന്നാണ് ലീഗൽ മെട്രോളജി സംഘം പ്രധാനമായും പരിശോധിക്കുന്നത്.

സിനിമാ കാണാനെത്തുന്ന പ്രേക്ഷകരിൽ നിന്ന് പോപ്‌കോൺ, ശീതളപാനീയങ്ങൾ, കുപ്പിവെള്ളം, ലഘുഭക്ഷണങ്ങൾ എന്നിവയ്ക്ക് സാധാരണ വിപണിവിലയേക്കാൾ ഇരട്ടി തുക ഈടാക്കുന്നുവെന്ന പരാതികൾ ഉയർന്നതിനെ തുടർന്നാണ് വിഷ്യത്തിൽ ലീഗൽ മെട്രോളജിയുടെ ഇടപെടൽ. തിയേറ്ററുകളിലെ കഫെറ്റീരിയകളിൽ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണാവുന്ന രീതിയിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും ഉദ്യോ​ഗസ്ഥർ പരിശോധിക്കുന്നുണ്ട്.

തിയേറ്ററുകളിൽ നിന്ന് വാങ്ങുന്ന ഭക്ഷ്യസാധനങ്ങളുടെ വിലയെക്കുറിച്ച് പ്രേക്ഷകർക്ക് മുൻകൂട്ടി വ്യക്തമായ ധാരണ ഉണ്ടാകണമെന്നും, വില വിവരങ്ങൾ അവ്യക്തമായി നൽകി കച്ചവടം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സർക്കാരിന് മുന്നിൽ അഭിപ്രായമുയർന്നിരുന്നു. ഉപഭോക്താക്കളുടെ അവകാശങ്ങൾ പൂർണ്ണമായി സംരക്ഷിക്കുന്നതിനൊപ്പം തന്നെ, തിയേറ്റർ നടത്തിപ്പുകാരുടെ നിയമപരമായ പരിമിതികളും പരിഗണിച്ചുകൊണ്ട് വിഷയത്തിൽ കൃത്യമായ ഇടപെടലുകൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പുറത്തുനിന്ന് കൊണ്ടുവരുന്ന കുപ്പിവെള്ളം ഉൾപ്പെടെയുള്ളവ തിയേറ്ററിൽ കയറ്റാൻ അനുവദിക്കാത്തതിൽ വിമർശനം ഉയർന്നിരുന്നു. ഇത്തരത്തിലുള്ള അടിസ്ഥാന കാര്യങ്ങളിൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഉപഭോക്താക്കളുടെ അവകാശങ്ങളെ ബാധിക്കുമെന്ന അഭിപ്രായവും ഉയർന്നിരുന്നു.

Tags

Share this story