റോഡിലേക്ക് പന മറിച്ചിട്ട്, ആസ്വദിച്ച് തിന്ന് കബാലി; മലക്കപ്പാറയിൽ വാഹനങ്ങൾ കുടുങ്ങിയത് മണിക്കൂറുകളോളം
Oct 20, 2025, 11:50 IST

അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിൽ കാട്ടാനയായ കബാലി റോഡിൽ നിലയുറപ്പിച്ചതിനെ തുടർന്ന് വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങി. ഇന്നലെ വൈകിട്ട് മുതൽ ആന റോഡിലിറങ്ങി നിന്നതിനാൽ ഇരുഭാഗത്തേക്കുമുള്ള വിനോദസഞ്ചാരികൾക്ക് കടന്നുപോകാനായില്ല.
വനപാലകർ സ്ഥലത്ത് വന്നെങ്കിലും മദപ്പാട് ഉള്ള ആനയായതിനാൽ വനത്തിലേക്ക് തുരത്താൻ സാധിച്ചില്ല. ആന റോഡിൽ നിലയുറപ്പിച്ചതോടെ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു. റോഡിലേക്ക് പന മറിച്ചിട്ട ആന ഇത് തിന്ന് തീരുന്നതുവരെ റോഡിൽ നിന്നു.
ഇതിനിടയിൽ കനത്ത മഴയും പെയ്തു. ആനയുടെ അടുത്തേക്ക് ആരും പോകരുതെന്ന് വനംവകുപ്പ് കർശന നിർദേശം നൽകിയിരുന്നു. ഒടുവിൽ രാത്രി വൈകിയാണ് ആന കാട്ടിലേക്ക് തിരികെ പോയത്. ഇതോടെയാണ് ഗതാഗതം പുനരാരംഭിക്കാനായതും.