രാവിലെ 10 രൂപ, ഉച്ചയ്ക്ക് 12 രൂപ; പേരുമാറുമ്പോൾ നിരക്കുയർന്ന് തിരുവനന്തപുരത്തെ KSRTC സിറ്റി സർക്കുലർ

KSRTC

തിരുവനന്തപുരം: നഗരത്തിലോടുന്ന ഇ-ബസുകളുടെ കൂടുവിട്ട് കൂടുമാറ്റത്തിൽ വലഞ്ഞ് യാത്രക്കാർ. മണിക്കൂറുകൾക്കു മുൻപ് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്തവർ മടക്കയാത്രയ്ക്കു കൊടുക്കേണ്ടിവരുന്നത് കൂടുതൽ തുക. അപ്പോഴേക്കും സിറ്റി സർവീസ് എന്നത് സിറ്റി ഫാസ്റ്റായി മാറും.

നാക്കെടുക്കാതെ യൂണിയൻ

ലാഭകരമായിരുന്ന സിറ്റി സർക്കുലർ മാറിമറിയുന്നത് ഫോണിലും വാട്സാപ്പിലും ലഭിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ്. ഉത്തരവുകളായി ഇറങ്ങാത്തതിനാൽ ആർക്കും ഒരുനിശ്ചയവുമില്ല. ഗതാഗതമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിയന്ത്രണത്തിലാണ് സർവീസും റൂട്ടുമൊക്കെ മാറുന്നത്. ഉന്നതതല നിർദേശങ്ങൾക്ക് യൂണിയൻകാരുടെ മൗനാനുവാദവുമുണ്ട്.

നഗരത്തിലെ പ്രധാന ബസ് സ്റ്റാൻഡുകൾ സർക്കുലർ സർവീസിന്റെ കേന്ദ്രമാകുന്നതിലെ അമർഷത്തിലാണ് തൊഴിലാളിസംഘടനകൾ. സ്വിഫ്ടിലെ ജീവനക്കാരെയാണ് ഇലക്ട്രിക് ബസിലേക്കു നിയോഗിക്കുന്നത്. സിറ്റി, വികാസ് ഭവൻ, പേരൂർക്കട, പാപ്പനംകോട് ഡിപ്പോകളിൽ സ്വിഫ്ട് സർവീസുകൾ മാത്രമാകും. ഇ-ബസുകൾ വ്യാപകമാകുന്നതോടെ ഡിപ്പോകൾ സ്വിഫ്ടിനു കൈമാറാനുള്ള നീക്കമാണെന്ന് തൊഴിലാളിസംഘടനകൾ ആരോപിച്ചിരുന്നു. അതിനാൽ സിറ്റി സർക്കുലറിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ അവർ ഇടപെടുന്നില്ല. സ്വിഫ്ട് പൊളിക്കാനുള്ള നീക്കങ്ങളിൽ ഇവർ ഒറ്റക്കെട്ടാണ്.

കമ്മിറ്റി നോക്കുകുത്തി

കാർബൺരഹിത നഗരമെന്ന കോർപ്പറേഷൻ ഭരണസമിതി കൊട്ടിഗ്ഘോഷിച്ച സ്വപ്നപദ്ധതിക്കേറ്റ തിരിച്ചടിയാണ് ഇ-ബസുകളുടെ രൂപമാറ്റം. കോർപ്പറേഷൻ പരിധിയിൽ ഓടിക്കാനാണ് ബസുകൾ വാങ്ങിയത്. ഇപ്പോൾ നെയ്യാറ്റിൻകര, വെഞ്ഞാറമൂട്, പോത്തൻകോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. റൂട്ട് തീരുമാനിക്കുന്നത് കോർപ്പറേഷൻ അറിഞ്ഞാകണമെന്നും വരുമാനത്തിന്റെ വിഹിതം നൽകണമെന്നും കരാറിലുണ്ട്. ഇതൊക്കെ നോക്കാൻ ഒരു കമ്മിറ്റി നിലവിലുണ്ട്. മേയർ, സെക്രട്ടറി, കെ.എസ്.ആർ.ടി.സി. എം.ഡി., സ്മാർട്ട് സിറ്റി സി.ഇ.ഒ. തുടങ്ങിയവരാണ് കമ്മിറ്റിയിലുള്ളത്. ഒരുതവണപോലും യോഗം ചേർന്നിട്ടില്ല.

മലക്കംമറിഞ്ഞ് വി.കെ.പ്രശാന്ത്

സർവീസ് അട്ടിമറിച്ചെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് വി.കെ.പ്രശാന്ത് എം.എൽ.എ. ആണ്. എന്നാൽ, കെ.എസ്.ആർ.ടി.സി.യുടെ സാമ്പത്തികസ്ഥിതി മറികടക്കാൻ ഇ-ബസുകളുടെ സർവീസ് മാറ്റം സഹായകമാകുമെന്നാണ് ഇപ്പോഴത്തെ നിലപാട്. കുറഞ്ഞ നിരക്ക് ജനങ്ങൾക്ക് ആശ്വാസമാണെങ്കിലും കെ.എസ്.ആർ.ടി.സി.യുടെ പരാധീനതയ്ക്കു കൂടുതൽ പരിഗണന നൽകണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ബസുകളുടെ അറ്റകുറ്റപ്പണികൾക്കായി വേണ്ടിവരുന്ന ചെലവ് ഈ വരുമാനത്തിൽനിന്നു കണ്ടെത്താൻ കഴിയില്ല. പരീക്ഷണാടിസ്ഥാനത്തിലാണ് ഇ-ബസുകൾ നഗരത്തിൽ സർവീസ് തുടങ്ങിയത്. ദീർഘകാലാടിസ്ഥാനത്തിൽ തുടരാനാകില്ലെന്നും വി.കെ.പ്രശാന്ത് വിശദീകരിക്കുന്നു.

വിശ്വാസ്യത നഷ്ടപ്പെടും

എല്ലാവരും അംഗീകരിച്ച പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആന്റണി രാജു എം.എൽ.എ.യുടെ പക്ഷം. ശാസ്ത്രീയപഠനം നടത്തി നടപ്പാക്കിയ പദ്ധതിയിൽ അടിക്കടി പരീക്ഷണം നടത്തുന്നു. സാമ്പത്തികമായും വിജയമായിരുന്നു. നിരക്കു കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങുന്ന സമയത്തായിരുന്നു സ്ഥാനമാറ്റം. കരാറുകൾ ലംഘിച്ചാണ് മാറ്റങ്ങൾ കൊണ്ടുവരുന്നതെന്നും ആന്റണി രാജു പറഞ്ഞു.

ആലോചിക്കണമായിരുന്നു

കോർപ്പറേഷനുമായി ആലോചിച്ചുവേണമായിരുന്നു മാറ്റമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി സി. ജയൻബാബു പറഞ്ഞു. പെട്ടെന്നുണ്ടായ നിരക്കുവർധന ന്യായീകരിക്കാനാകില്ല. ചർച്ച നടത്തി തീരുമാനിക്കേണ്ടതായിരുന്നു. കോർപ്പറേഷൻ ഭരണസമിതിയുമായി ഇക്കാര്യം സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this story