സതീശനെതിരായ 150 കോടിയുടെ കോഴ ആരോപണം; തെളിവ് എവിടെയെന്ന് കോടതി

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പിവി അൻവർ എംഎൽഎ ഉയർത്തിയ 150 കോടിയുടെ അഴിമതിയാരോപണത്തിൽ തെളിവ് ആവശ്യപ്പെട്ട് കോടതി. ആരോപണത്തിൽ സ്വീകരിച്ച നടപടി അറിയിക്കാൻ വിജിലൻസിന് നിർദേശം നൽകി. 

തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഉത്തരവിറക്കിയത്. ആരോപണത്തിന് കൃത്യമായ തെളിവ് വേണമെന്നും വെറുതെ ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് 150 കോടി രൂപ വാങ്ങിയെന്ന് പിവി അൻവറാണ് നിയമസഭയിൽ ആരോപിച്ചത്. 

ആരോപണത്തിൽ സതീശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം നേതാവ് എ എച്ച് ഹഫീസ് വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ കേസിൽ പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടിരുന്നുവെങ്കിലും ഇത് പോരെന്ന് ചൂണ്ടിക്കാട്ടിയാണ് ഹഫീസ് ഹർജി നൽകിയത്.
 

Share this story