സംസ്ഥാനത്ത് നാളെ മുതൽ ഇന്ധനവിലയിൽ രണ്ട് രൂപയുടെ വർധനവ്; മദ്യത്തിനും വില ഉയരും
Fri, 31 Mar 2023

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ രണ്ട് രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർധനവും പ്രാബല്യത്തിൽ വരും. മദ്യത്തിന്റെ വിലയും നാളെ മുതൽ വർധിക്കും. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റിലെ നികുതി വർധനവ് നിർദേശങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
ഇന്ധനവില വർധനവാണ് ജനങ്ങളെ കൂടുതലായും ബാധിക്കുക. ക്ഷേമപെൻഷനുകൾ നൽകാൻ പണം കണ്ടെത്തുന്നതിനായാണ് രണ്ട് രൂപ ഇന്ധനസെസ് ഏർപ്പെടുത്തുന്നതെന്നാണ് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞത്. മദ്യവിലയിൽ പത്ത് രൂപയുടെ വരെ വ്യത്യാസവുമുണ്ടാകും.
ഭൂമിയുടെ ന്യായവിലയും വർധിക്കും. സെന്റിന് ഒരു ലക്ഷം ന്യായവില 20 ശതമാനം കൂടുമ്പോൾ 1,20,000 രൂപയാകും. എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്‌ട്രേഷൻ ഫീസും ചേർന്നാൽ പ്രമാണ ചെലവിലും ആനുപാതിക വർധനവുണ്ടാകും.