സൗഹൃദം നടിച്ച് വൃദ്ധ ദമ്പതികളിൽ നിന്ന് 60 ലക്ഷം തട്ടി; യുവ ദമ്പതികൾ പിടിയിൽ
Dec 18, 2025, 09:27 IST
സൗഹൃദം നടിച്ച് വൃദ്ധ ദമ്പതികളുടെ പക്കൽ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവ ദമ്പതികൾ അറസ്റ്റിൽ. കോട്ടയം മാഞ്ഞൂർ സ്വദേശി മഹേഷ്(38), ഭാര്യ വിജി(37) എന്നിവരാണ് പിടിയിലായത്. മക്കളില്ലാത്ത വൃദ്ധ ദമ്പതികളോട് അടുപ്പം സ്ഥാപിച്ച് വിശ്വാസം പറ്റിയ ശേഷമാണ് ഇവരെ കബളിപ്പിച്ച് പണം തട്ടിയത്
കുറുപ്പുന്തറയിലെ ബാങ്കിൽ സ്ഥിരനിക്ഷേപമായി കിടന്നിരുന്ന 60 ലക്ഷം രൂപയ്ക്ക് കൂടുതൽ പലിശ വാഗ്ദാനം ചെയ്ത പ്രതികൾ പണം തട്ടുകയായിരുന്നു. മറ്റൊരു ബാങ്കിന്റെ എറണാകുളം ബ്രാഞ്ചിൽ നിക്ഷേപിച്ചാൽ കൂടുതൽ പലിശ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്
2024 ജൂലൈ മുതലുള്ള കാലയളവിൽ പല തവണകളായി ചെക്ക് മുഖാന്തരവും മറ്റുമാണ് പ്രതികളുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത്. പിന്നാലെ സിഎഫ്‌സിഐസിഐ ബാങ്കിന്റെ എറണാകുളം ശാഖയിൽ പണം നിക്ഷേപിച്ചതായി വ്യാജരേഖയുണ്ടാക്കി കബളിപ്പിക്കുകയും ചെയ്തു.
