കൊച്ചിയിൽ തോക്ക് ചൂണ്ടി 80 ലക്ഷം കവർന്ന സംഭവം; അഞ്ച് പേർ കസ്റ്റഡിയിൽ

കൊച്ചിയിൽ പട്ടാപ്പകൽ തോക്കൂ ചൂണ്ടി 80 ലക്ഷം രൂപ കവർന്ന സംഭവത്തിൽ അഞ്ച് പേർ കസ്റ്റഡിയിലായി. കുണ്ടന്നൂർ അരൂർ ബൈപ്പാസിനോട് ചേർന്നുള്ള സ്റ്റീൽ മൊത്ത വിതരണ കേന്ദ്രത്തിൽ ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. കവർച്ചയിൽ സഹായിച്ച മൂന്ന് പേരും കൃത്യത്തിൽ പങ്കെടുത്ത രണ്ട് പേരുമാണ് കസ്റ്റഡിയിലുള്ളത്.
ഇതിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവർ കവർച്ചക്ക് ഉപയോഗിച്ച വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തതായും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. കവർച്ചയുടെ ഇടനിലക്കാരൻ സജി, സ്റ്റീൽ കമ്പനിയിൽ സജിക്കൊപ്പം എത്തിയ വിഷ്ണു, ഇവരെ സഹായിച്ച മൂന്ന് പേർ എന്നിവരാണ് പിടിയിലായത്.
ഇതിൽ സജിക്കും വിഷ്ണുവിനും കൃത്യത്തിൽ നേരിട്ട് പങ്കുണ്ട്. ബാക്കിയുള്ളവരുടെ പങ്ക് അന്വേഷിച്ച് വരികയാണ്. ഇനിയും പ്രതികളെ കണ്ടെത്താനുണ്ടെന്നും മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.