ആർഎസ്എസ് മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു; കേന്ദ്രസർക്കാർ കലാപകാരികൾക്കൊപ്പം: മുഖ്യമന്ത്രി

മതന്യൂനപക്ഷങ്ങളെ ആക്രമിക്കുക എന്നതാണ് ആർഎസ്എസ് അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാപങ്ങൾക്ക് ഇരയായവർക്കൊപ്പമല്ല, മറിച്ച് കലാപകാരികൾക്കൊപ്പമാണ് കേന്ദ്രസർക്കാർ നിന്നത്. ന്യൂനപക്ഷം എന്നൊന്നില്ലെന്നാണ് ആർഎസ്എസ് പറയുന്നത്. രാജ്യത്ത് ഹിന്ദുക്കൾ മാത്രമുള്ളൂവെന്ന് സ്ഥാപിക്കാനാണിത്

ഏകീകൃത വ്യക്തി നിയമം മുസ്ലീങ്ങളെ മാത്രമല്ല, പല ജനവിഭാഗങ്ങളെയും ബാധിക്കുന്നതാണ്. രാജ്യത്തിന്റെ തകർച്ചയാകും ഇതിന്റെ ഫലം. എന്തും ചെയ്യുകയെന്ന മാനസികാവസ്ഥയിലാണ് കേന്ദ്ര സർക്കാർ. അന്വേഷണ ഏജൻസികളെ ഇതിനായി ഉപയോഗിക്കുകയാണ്. 

ബിജെപിക്കാർ അല്ലാത്തവർക്കെതിരെ കേന്ദ്ര ഏജൻസികൾ കേസെടുക്കുകയാണ്. കോൺഗ്രസിന് ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ്. തങ്ങളുടെ നേതാക്കൾക്കെതിരെ അന്വേഷണം വരുമ്പോൾ അവർ കേന്ദ്രസർക്കാരിനെതിരെ ശബ്ദിക്കും. മറ്റ് പ്രതിപക്ഷ നേതാക്കൾക്കെതിരെ നടപടി വരുമ്പോൾ വ്യത്യസ്ത നിലപാട് സ്വീകരിക്കും. കെജ്രിവാളിനെതിരെ കൂടുതൽ നടപടി വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കോൺഗ്രസ് ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

കേരളം സാമ്പത്തികമായി ഒട്ടേറെ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. ആവശ്യങ്ങൾ മുഴുവൻ നടപ്പാക്കാൻ പണമില്ല. വികസനത്തിന് പണം വേണം. ബജറ്റിനെ മാത്രം ആശ്രയിച്ചാൽ വികസനം നടക്കില്ലെന്നതു കൊണ്ടാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത്. വലിയ വികസനമാണ് ഇതുവഴി നടത്തിയത്. കിഫ്ബിയെ കേസിൽ പെടുത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Share this story