കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം; സ്‌റ്റേജിൽ കയറി പാട്ട് നിർത്തിച്ച് സിപിഎം പ്രവർത്തകർ
Jan 20, 2026, 11:32 IST
ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി, ഇടപെട്ട് പാട്ട് നിർത്തിച്ച് സിപിഎം പ്രവർത്തകർ. കണ്ണൂർ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്ര മഹോത്സവത്തിനിടെ ആണ് സംഭവം. തൃശ്ശൂരിൽ നിന്നുള്ള ഗായകസംഘം ഗണഗീതം പാടുകയായിരുന്നു. ഇന്നലെ രാത്രി ഗാനമേളക്കിടെയായിരുന്നു ഗണഗീതം പാടിയത്.
തുടർന്ന് സിപിഎം പ്രവർത്തകർ സ്റ്റേജിൽ കയറി പ്രതിഷേധിക്കുകയായിരുന്നു. 'പരമ പവിത്രമതാമീ മണ്ണിൽ ' എന്ന ഗാനം ആണ് പാടിയത്. പിന്നാലെ സിപിഎം പ്രവർത്തകർ സ്റ്റേജിൽ കയറി. ഇതോടെ ഗായകസംഘം പാട്ട് അവസാനിപ്പിക്കുകയായിരുന്നു.
അമ്പലങ്ങൾ കേന്ദ്രീകരിച്ച് ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചത്. ആർഎസ്എസ് അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്ന വർഗീയവാദികളുടെ ഇത്തരം ശ്രമങ്ങളെ തിരിച്ചറിയാൻ ജനം തയ്യാറാകണമെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു
