ഓടിവായോ അങ്കിളേയെന്ന് മെഹർ അലറി വിളിച്ചു, രാഹുൽ ഓടിയെത്തിയപ്പോഴേക്കും നാല് പേരും കത്തിയെരിഞ്ഞു; ഹമീദിന്റെ കൊടും ക്രൂരത
ക്രൂരതക്കൊരു മനുഷ്യരൂപമുണ്ടെങ്കിൽ അതാകും ഇടുക്കി ചീനക്കുഴിയിലെ ഹമീദ്. മകനെയും ഭാര്യയെയും പേരക്കുട്ടികളായ രണ്ട് പെൺമക്കളെയും പെട്രോളൊഴിച്ച് ചുട്ടുകൊന്ന കാപാലികന് ഒടുവിൽ കോടതി നൽകിയത് വധശിക്ഷ. 2022 മാർച്ച് 19നായിരുന്നു കേരളത്തെ നടുക്കിയ കൂട്ടക്കൊലാപതകം നടന്നത്.
പ്രതി ഹമീദിന്റെ മകൻ ഫൈസൽ(45), ഭാര്യ ഷീബ(45), മക്കളായ മെഹർ(16), അസ്‌ന(16) എന്നിവരാണ് വെന്തെരിഞ്ഞത്. മകനും കുടുംബവും ഒരുകാരണവശാലും രക്ഷപ്പെടുതെന്ന് കണക്കാട്ടി ഹമീദ് കൃത്യത്തിന് മുമ്പ് നടത്തിയ തയ്യാറെടുപ്പുകളും മനുഷ്യമനസാക്ഷിയെ നടുക്കുന്നതാണ്. മകനും കുടുംബവും രാത്രി ഉറങ്ങുന്നത് വരെ കാത്തിരുന്നു. തീ പടർന്നാൽ കുളിമുറിയിലെ വെള്ളം ഉപയോഗിച്ച് രക്ഷപ്പെടാതിരിക്കാനായി പൈപ്പ് മുറിച്ച് ടാങ്കിലെ വെള്ളം മുഴുവൻ ഒഴുക്കി കളഞ്ഞു
കൊലപാതകം നടന്ന വീടടക്കം 58 സെന്റ് പുരയിടം ഹമീദ് ഫൈസിന് ഇഷ്ടദാനം നൽകിയിരുന്നു. മരണം വരെ ആദായവും ചെലവിന് നൽകണമെന്നതായിരുന്നു നിബന്ധന. എന്നാൽ മൂന്ന് നേരവും മട്ടനും ചിക്കനും മീനും വേണമെന്ന് ഹമീദ് ആവശ്യപ്പെട്ട് വീട്ടിൽ വഴക്കുണ്ടാകുക പതിവായിരുന്നു. സ്വത്ത് തിരികെ നൽകിയില്ലെങ്കിൽ ഫൈസലിനെയും ഭാര്യയെയും മക്കളെയും കൊല്ലുമെന്നും ഇയാൾ ഭീഷണി മുഴക്കിയിരുന്നു. ജയിലിൽ ഇപ്പോൾ മട്ടൺ കിട്ടുമെന്നും ഇയാൾ നാട്ടുകാരോട് പറഞ്ഞിരുന്നു
നേരത്തെ തയ്യാറാക്കിയ പെട്രോൾ കുപ്പികൾ മുറിയിലേക്ക് എറിഞ്ഞ് ഇയാൾ തീ കൊളുത്തുകയായിരുന്നു. തീ പടർന്നതോടെ ഫൈസലിന്റെ മകൾ മെഹർ അയൽവാസിയായ രാഹുലിനെ ഫോണിൽ വിളിച്ച് ഓടിവായോ അങ്കിളേ, ഞങ്ങളെ രക്ഷിക്കണേ എന്ന് അലറി വിളിച്ചു. ഇത് കേട്ടയുടനെ രാഹുൽ പാഞ്ഞ് ഇവരുടെ വീട്ടിലേക്ക് എത്തി.
അടച്ചുപൂട്ടിയ മുൻവശത്തെ വാതിൽ രാഹുൽ ചവിട്ടി തുറന്ന് അകത്തു കയറിയപ്പോഴേക്കും തീ ആളി പടർന്ന് കഴിഞ്ഞിരുന്നു. എന്നിട്ടും ധൈര്യം കൈവിടാതെ രാഹുൽ കിടപ്പ് മുറിയും ചവിട്ടി തുറന്നു. ഈ സമയത്ത് പിൻവാതിൽ വഴി എത്തിയ ഹമീദ് പെട്രോൾ നിറച്ച രണ്ട് കുപ്പികൾ കൂടി രാഹുലിന്റെ പിന്നിലൂടെ മുറിയിലേക്ക് വലിച്ചെറിഞ്ഞു.
ഇതോടെ മുറിയിൽ തീ ആളിപ്പടരാൻ തുടങ്ങി. നിസഹായനായി അകത്ത് കയറാതെ നോക്കി നിൽക്കാൻ മാത്രമാണ് രാഹുലിന് സാധിച്ചത്. ഉള്ളിൽ നിന്ന് കുട്ടികളുടെയും ഫൈസലിന്റെയും ഭാര്യയുടെയും നിലിവിളി മാത്രമാണ് രാഹുലിന് കേൾക്കാനായത്. അപ്പോഴേക്കും രാഹുലിന്റെ വീട്ടുകാർ മറ്റ് നാട്ടുകാരെ കൂട്ടി സ്ഥലത്ത് എത്തിയിരുന്നു. ഇവർ പുറത്ത് നിന്ന് പൈപ്പെടുത്ത് മുറിയിലേക്ക് വെള്ള പമ്പ് ചെയ്ത് തീ നിയന്ത്രണവിധേയമാക്കി. അപ്പോഴേക്കും കുളിമുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നാല് മൃതദേഹങ്ങൾ മാത്രമായിരുന്നു ബാക്കി.
