ശബരിമല നെയ്യ് ക്രമക്കേട്; മൂന്നിടങ്ങളില്‍ എസ്‌ഐടി റെയ്ഡ്, നിരവധി രേഖകള്‍ പിടിച്ചെടുത്ത് വിജിലന്‍സ്

നെയ്യ്

തിരുവനന്തപുരം: ശബരിമല മില്‍മ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് മൂന്നിടങ്ങളില്‍ എസ്‌ഐടി റെയ്ഡ് നടത്തി. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. നെയ്യ് ക്രമക്കേടില്‍ ആരോപണവിധേയനായ മില്‍മ മുന്‍ ഉദ്യോഗസ്ഥന്‍ ഷൈന്‍ ജോസഫിന്റെ വീട്ടിലടക്കം പരിശോധന നടന്നു. വാഹനത്തിന്റെ കരാറുകാരുമായി ബന്ധപ്പെട്ട ഇടങ്ങളിലും റെയ്ഡ് ഉണ്ടായിരുന്നു.

പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തായി വിജിലന്‍സ് വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം എസ്‌ഐടി രൂപികരിച്ചാണ് അന്വേഷണം. മില്‍മയില്‍ നിന്നും കൂടിയ വിലക്ക് നെയ്യ് വാങ്ങിയതില്‍ ദേവസ്വം ബോര്‍ഡിന് 2.27 കോടി രൂപ നഷ്ടം ഉണ്ടായെന്നാണ് എസ്‌ഐടി കണ്ടെത്തൽ. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തത്.

ശബരിമലയിലേക്ക് കൊണ്ടുപോയ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പത്തനംതിട്ട ഡയറിയിൽ നിന്ന് സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ ആണ് നെയ്യ് മാറ്റിയതെന്നായിരുന്നു വിവരം. നെയ്യ് എത്തിക്കുന്നതിന് കരാറുകാരൻ കുറഞ്ഞ തുക കോട്ട് ചെയ്തത് സംശയാസ്പദമാണെന്നും വിലയിരുത്തലുണ്ടായിരുന്നു.

മിൽമയ്ക്ക് കരാർ ലഭിക്കുന്നതിന് പി എസ് പ്രശാന്തിന്റെ നേതൃത്വത്തിൽ വഴിവിട്ട ഇടപെടൽ നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. 2025-ലെ മകരവിളക്ക് കാലയളവിൽ പുറത്ത് നിന്നും നെയ്യ് വാങ്ങാനുള്ള തീരുമാനം 2024ലാണ് ബോർഡ് സ്വീകരിക്കുന്നത്.

ഇതിനായി വിളിച്ച ടെൻഡറിൽ ആറ് സ്ഥാപനങ്ങൾ പങ്കാളികളായി. ഈ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ ടെൻഡർ റദ്ദാക്കി കരാർ മിൽമയ്ക്ക് നൽകി. ടെൻഡറിൽ പങ്കെടുത്ത തമിഴ്‌നാട്ടിൽ നിന്നുള്ള സ്ഥാപനം ഒരു ലിറ്റർ നെയ്യ്ക്ക് 369 രൂപ കോട്ട് ചെയ്തപ്പോൾ മിൽമയിൽ നിന്നും വാങ്ങുന്നതിന് ലിറ്ററിന് 510 രൂപയാണ് ചെലവാക്കിയത്. ഇത്തരത്തിൽ 1.65 ലക്ഷം ലിറ്റർ നെയ്യ് മിൽമയിൽ നിന്നും വാങ്ങിയതിലൂടെ ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ.

Tags

Share this story