ശബരിമലയിലെ സ്വർണമല്ല രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം; നീറുന്ന വിഷയങ്ങൾ വേറെയുമുണ്ട്: വെള്ളാപ്പള്ളി

ശബരിമല സ്വർണക്കൊള്ളയിൽ ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെയെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സകല ദേവസ്വം ബോർഡുകളും പിരിച്ചുവിടണം. ഇക്കാര്യം സർക്കാരിനെതിരെ തിരിച്ചു വിടുന്നത് എന്തിനാണ്. ദേവസ്വം മന്ത്രി രാജി വെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തികച്ചും രാഷ്ട്രീയമാണ്.
മന്ത്രിയും സർക്കാരും എന്തിന് രാജി വെക്കണം. ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ. കാട്ടിലെ തടി, തേവരുടെ ആന എന്ന സ്ഥിതിയാണിപ്പോൾ. ശബരിമലയിലെ സ്വർണമല്ല രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം. സാധാരണക്കാരുടെ നീറുന്ന പ്രശ്‌നങ്ങൾ വേറെയുണ്ട്. രാഷ്ട്രീയക്കാർ അതൊന്നും കാണുന്നില്ല. തെരഞ്ഞെടുപ്പിൽ വോട്ട് ആക്കാനുള്ള രാഷ്ട്രീയ അടവാണ് പാർട്ടികൾക്ക്
ദേവസ്വം മന്ത്രി രാജിവെക്കണമെന്ന നിലപാടിനോട് യോജിപ്പില്ല. കടപ്പുറത്ത് പോയി കാള കുത്തിയതിന് വീട്ടിൽ വന്ന് അമ്മയെ തല്ലരുത്. എല്ലാം കോടതി കണ്ടുപിടിക്കും. വിഎൻ വാസവൻ നല്ല മന്ത്രിയാണ്. മൂന്ന് വകുപ്പും നല്ല പോലെ കൈകാര്യം ചെയ്യുന്നുണ്ട്. അഴിമതിയില്ലാത്ത മന്ത്രി. വിഡി സതീശൻ കിടന്ന് നിലവിളിക്കുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.