ശബരിമല സ്വർണക്കൊള്ള: വമ്പൻ സ്രാവുകൾ കുടുങ്ങും, അയ്യനോട് കളിച്ചാൽ രക്ഷയുണ്ടാകില്ലെന്ന് ചെന്നിത്തല

chennithala

ശബരിമല സ്വർണക്കൊള്ളയിൽ സത്യങ്ങൾ പുറത്തുവരണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വമ്പൻ സ്രാവുകൾ ശബരിമല സ്വർണക്കൊള്ളക്ക് പിന്നിൽ ഉണ്ടെന്ന് നേരത്തെ പറഞ്ഞതാണ്. അവരെ ചോദ്യം ചെയ്താലേ വിവരങ്ങൾ പുറത്തു വരൂ എന്നുള്ളത് ആദ്യമേ പറഞ്ഞതാണ്. മന്ത്രി അറിയാതെ ഇതൊക്കെ സംഭവിച്ചു എന്നത് ആര് വിശ്വസിക്കുമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.


രണ്ട് ദേവസ്വം പ്രസിഡന്റുമാർ മാത്രം വിചാരിച്ചാൽ അവിടെ സ്വർണക്കൊള്ള നടത്താൻ ആകില്ല. സിബിഐ അന്വേഷിക്കണം എന്ന് പറയുന്നത് എസ് ഐ ടി യുടെ അന്വേഷണത്തിൽ വിശ്വാസ്യത ഇല്ലാത്തതുകൊണ്ടല്ല. എസ്‌ഐടി മാത്രം വിചാരിച്ചാൽ സത്യങ്ങൾ പുറത്തുകൊണ്ടുവരാനാകില്ല. കൊള്ളയുമായി ബന്ധപ്പെട്ട കണ്ണികൾ വിദേശത്തുണ്ട്. യഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം അല്ലാതെ ഇതവസാനിക്കില്ലെന്ന് അദേഹം പറഞ്ഞു.

വമ്പൻ സ്രാവുകൾ വലയിൽ കുടുങ്ങും. സിപിഎം നേതാക്കൾ ഓരോരുത്തരായി ജയിലിലേക്ക് ഘോഷയാത്രയായി പോക്കോണ്ടിരിക്കുന്നു. സത്യത്തെ സ്വർണപ്പാളികൾ കൊണ്ട് മൂടിയാലും അത് പുറത്തു വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ പറഞ്ഞിരിക്കുന്നത് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. അയ്യപ്പനോട് കളിച്ചാൽ ആർക്കും രക്ഷയുണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Tags

Share this story