ശബരിമല സ്വർണക്കൊള്ള കേസ്: മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
Oct 31, 2025, 08:34 IST
ശബരിമല സ്വർണക്കൊള്ളക്കേസിൽ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നാലു ദിവസത്തെ കസ്റ്റഡിക്ക് ശേഷം മുരാരി ബാബുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും മണിക്കൂറുകളോളം എസ്‌ഐടി ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബോർഡിൽ ചിലർ സഹായങ്ങൾ നൽകിയതായി അന്വേഷണ സംഘത്തിന് സൂചനകൾ ലഭിച്ച സാഹചര്യത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും. അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ 2019 ലെയും 25 ലെയും ദേവസ്വം ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യാനാണ് എസ്‌ഐടി നീക്കം. ഇതിനായി തെളിവ് ശേഖരണം ആരംഭിച്ചു.
ഇക്കാലത്തെ മിനിറ്റ്സ് രേഖകൾ വിശദമായി പരിശോധിക്കുകയാണ്. ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റി സ്വാധീനമുണ്ടാക്കിയത് തന്ത്രി കുടുംബത്തെ മറയാക്കിയാണെന്ന് എസ്‌ഐടി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
