ശബരിമല സ്വർണക്കൊള്ള: കെപി ശങ്കരദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്ന്
ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. നിലവിൽ തിരുവനന്തപുരത്തെ എസ്പി മെഡിഫോർട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ഇന്നലെയാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തത്.
മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ച ശേഷമായിരിക്കും അദ്ദേഹത്തെ മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. മാറ്റാൻ കഴിയാത്ത വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ എസ് പി മെഡിഫോർട്ട് ആശുപത്രിയിൽ തന്നെ ചികിത്സ തുടരാൻ അനുവദിക്കാനാണ് സാധ്യത.
അതേസമയം, രണ്ടാമത്തെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ അന്വേഷണ സംഘം ആരംഭിക്കും. ഹൈക്കോടതി നിർദേശപ്രകാരം ആടിയ നെയ്യ് ക്രമക്കേടിൽ വിജിലൻസ് നിലവിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലും രേഖകൾ പരിശോധിക്കലുമാണ് വിജിലൻസ് ലക്ഷ്യമിടുന്നത്.
