ശബരിമല സ്വർണക്കൊള്ള: പ്രതികളുടെ വീടുകളിൽ ഇഡി റെയ്ഡ്; എസ്‌ഐടി സംഘം സന്നിധാനത്ത്
ശബരിമല സ്വർണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായി റെയ്ഡുമായി ഇ ഡി. ശബരിമല സ്വർണക്കൊള്ള കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിലാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി, എ പത്മകുമാർ, എൻ വാസു, മുരാരി ബാബു, ഗോവർധൻ, പങ്കജ് ഭണ്ഡാരി എന്നിവരുടെ വീടുകളിലാണ് ഇന്ന് വ്യാപക റെയ്ഡ് നടക്കുന്നത്
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലും പരിശോധന നടത്തുന്നുണ്ട്. ഗോവർധന്റെ ബെല്ലാരിയിലെ വീട്ടിലാണ് ഇഡി സംഘം റെയ്ഡ് നടത്തുന്നത്. അതേസമയം കേസിൽ എസ് ഐ ടി സംഘം ഇന്ന് സന്നിധാനത്ത് വിശദ പരിശോധന നടത്തും. ഇന്നലെ രാത്രിയോടെയാണ് എസ്‌ഐടി സന്നിധാനത്ത് എത്തിയത്
ശ്രീകോവിലിന്റെ പഴയ വാതിൽപ്പാളികളാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്‌ട്രോംഗ് റൂമിലുള്ള വാതിൽപ്പാളികൾ പുറത്തെടുത്ത് പരിശോധിക്കും. 1998ൽ സ്വർണം പൊതിഞ്ഞ പാളികളാണിത്. കൊടിമരത്തിന്റെ പഞ്ചവർഗത്തറയിലും എസ്‌ഐടി പരിശോധന നടത്തും. ശ്രീകോവിൽ ഭിത്തിയിലെ അയ്യപ്പ ചരിതം കൊത്തിയ സ്വർണപ്പാളികളടക്കം പരിശോധിക്കും.
