ശബരിമല സ്വർണക്കൊള്ള: പത്മകുമാറിന്റെ റിമാൻഡ് കാലാവധി നീട്ടി
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി. റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. ദ്വാരപാലക ശിൽപ്പ കേസിലെ ജാമ്യാപേക്ഷയിൽ ജനുവരി ഏഴിനായിരിക്കും വിധി. ഉണ്ണികൃഷ്ണൻ പോറ്റി, ഗോവർധൻ, ഭണ്ഡാരി എന്നിവർക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
വിജിലൻസ് കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാത്തതിനെ തുടർന്നാണ് എ പത്മകുമാർ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കേസിൽ പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി ചോദ്യങ്ങൾ ഉയർത്തി. പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ചോദ്യങ്ങൾ
ഡിസംബർ അഞ്ചിന് ശേഷം കേസിലെ അന്വേഷണം മെല്ലപ്പോക്കാണെന്ന് ഇടക്കാല റിപ്പോർട്ട് പരിഗണിച്ച ശേഷം ഹൈക്കോടതി പറഞ്ഞിരുന്നു. വമ്പൻ സ്രാവുകളിലേക്ക് അന്വേഷണം എത്തുന്നില്ലെന്നും ശബരിമലയിൽ നിന്ന് കൊള്ളയടിക്കപ്പെട്ട സ്വർണം കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.
