ശബരിമല സ്വർണക്കൊള്ള: പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്. ദ്വാരപാലക കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി പറയുന്നത്. കട്ടിളപ്പാളി കേസിൽ പത്മകുമാറിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു
ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിലടക്കം ബോർഡിൽ ഉണ്ടായിരുന്ന എല്ലാവർക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് പത്മകുമാറിന്റെ വാദം. മുൻ ബോർഡ് അംഗം വിജയകുമാറും കേസിൽ അറസ്റ്റിലായിരുന്നു. അതേസമയം കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെയും റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും
അതേസമയം പത്മകുമാറിന് കുരുക്ക് വർധിപ്പിക്കുന്നതാണ് എസ്‌ഐടി കണ്ടെത്തൽ. പാളികൾ കൊടുത്തുവിടാനുള്ള മിനുട്‌സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനപ്പൂർവമാണെന്ന് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. പിച്ചള പാളികൾ എന്നതിന് പകരം ചെമ്പ് എന്നെഴുതി. കൂടാതെ അനുവദിക്കുന്നു എന്ന വാക്കും സ്വന്തമായി എഴുതി ചേർത്തുവെന്നും എസ് ഐടി പറയുന്നു.
