ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ
ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് ആണ് എസ്‌ഐടി സുധീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ദ്വാരപാലകരുടെ ശിൽപങ്ങളിലെ പാളികൾ സ്വർണം പൊതിഞ്ഞതാണെന്ന് അറിഞ്ഞിട്ടും, രേഖകളിൽ അത് 'ചെമ്പ് പാളികൾ' എന്ന് രേഖപ്പെടുത്തിയത് സുധീഷാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
മഹസറിൽ കൃത്രിമം കാട്ടുകയും ചെയ്തുകൊണ്ട് പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം തട്ടിയെടുക്കാൻ സുധീഷ് കുമാർ അവസരം നൽകിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശിൽപങ്ങൾ കൈമാറുന്ന സമയത്ത് സുധീഷ് കുമാറായിരുന്നു ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ.
'ചെമ്പ് പാളികൾ' എന്ന് രേഖപ്പെടുത്തിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ സ്‌പോൺസറായി അംഗീകരിക്കുന്നതിനുള്ള ശുപാർശ സുധീഷ് ദേവസ്വം ബോർഡിന് സമർപ്പിച്ചത്. പാളികൾ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റിയല്ലായിരുന്നിട്ടും, മഹസറിൽ അദ്ദേഹത്തിന്റെ പേര് എഴുതിച്ചേർത്തതും സുധീഷ് കുമാറാണെന്നതിനും തെളിവ് ലഭിച്ചു. സ്വർണം മോഷ്ടിക്കാൻ മുരാരി ബാബുവിനൊപ്പം ചേർന്ന് ഇദ്ദേഹം സഹായം ചെയ്‌തെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
