ശബരിമല സ്വർണക്കൊള്ള: വൻ തോക്കുകൾ ഒഴിവാക്കപ്പെടരുത്, അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി
ശബരിമല സ്വർണക്കവർച്ചാ കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ചില കുറ്റവാളികളെ ഒഴിവാക്കുന്നുവെന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ബോർഡ് മെമ്പർമാരായിരുന്ന വിജയകുമാർ, ശങ്കർദാസ് എന്നിവരെ അറസ്റ്റ് ചെയ്യാത്തതിൽ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. കേസിലെ പ്രതികളുടെ ജാമ്യ ഹർജി തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് ഗുരുതര പരാമർശങ്ങളുള്ളത്.
പഴുതടച്ച അന്വേഷണം വേണമെന്ന് കോടതി മുന്നറിയിപ്പ് നൽകി. വൻ തോക്കുകൾ ഒഴിവാക്കപെടരുത്. ഡിസംബർ 5ന് ശേഷം അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ല. ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ തന്നെ അത് നശിപ്പിക്കാൻ കൂട്ടു നിന്നുവെന്നും കോടതി പറഞ്ഞു
ശബരിമല സ്വർണക്കവർച്ചാകേസുകളിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു , ദേവസ്വം ബോർഡ് മുൻ കമ്മീഷണർ കെ എസ് ബൈജു എന്നിവരുടെ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് പുറത്തുവന്നത്.
