ശബരിമല സ്വർണക്കൊള്ളക്കേസ്: കടകംപള്ളി സുരേന്ദ്രനെയും ചോദ്യം ചെയ്‌തേക്കും
ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കടകംപള്ളിയെ ചോദ്യം ചെയ്യാൻ നീക്കം. സ്വർണപ്പാളികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റി അപേക്ഷ നൽകിയത് സർക്കാരിനാണെന്നും ഇതേ തുടർന്നാണ് ഫയൽ ദേവസ്വം ബോർഡിലെത്തിയതുമെന്നുമാണ് പത്മകുമാറിന്റെ മൊഴി
സർക്കാർ ഇടപെടലുണ്ടായോ എന്ന് പരിശോധിക്കാനാണ് കടകംപള്ളിയെ ചോദ്യം ചെയ്യുക. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്ത ശേഷം കടകംപള്ളിക്ക് നോട്ടീസ് നൽകും. പോറ്റിക്ക് മുൻ ദേവസ്വം മന്ത്രിയുമായി പരിചയമുണ്ടായിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്
പോറ്റിയുടെ കൊള്ളയെ കുറിച്ച് അറിവുണ്ടായിരുന്നോ, അതോ മന്ത്രിയുടെ മുന്നിലെത്തിയ നിവേദനം ബോർഡിന് കൈമാറുക മാത്രമായിരുന്നോ എന്നീ കാര്യങ്ങളും പരിശോധിക്കും. ബോർഡിന്റെ ഒരു തീരുമാനത്തിലും മന്ത്രിക്കോ വകുപ്പിനോ പങ്കില്ലെന്നാണ് കടംകപള്ളി പ്രതികരിച്ചത്.
