ശബരിമല സ്വർണക്കൊള്ള കേസ്; ജാമ്യം തേടി പി.എസ്. പ്രശാന്തും എ. അജികുമാറും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു

ശബരിമല

ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ ബോർഡ് അംഗം എ. അജികുമാറും. ഇരുവരും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തങ്ങൾക്ക് പങ്കുണ്ടെന്നതിന് തെളിവില്ലെന്നാണ് ജാമ്യാപേക്ഷയിലെ വാദം.

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നതിനിടെയാണ് ഇരുവരും കോടതിയെ സമീപിച്ചത്. അന്വേഷണ സംഘമായ എസ്.ഐ.ടിക്കെതിരെ ഗുരുതര ആരോപണങ്ങളും ജാമ്യാപേക്ഷയിൽ ഉന്നയിച്ചിട്ടുണ്ട്.അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇരുവരുടെയും ആരോപണം. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തങ്ങളുടെ പങ്ക് തെളിയിക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.

അറസ്റ്റിന് പിന്നാലെ കേസിൽ കാര്യമായ തുടർനടപടികൾ ഉണ്ടായിട്ടില്ലെന്നും മറ്റാരെയും ചോദ്യം ചെയ്തിട്ടില്ലെന്നും ഇരുവരും ആരോപിക്കുന്നു. തങ്ങളെയും പി.എസ്. പ്രശാന്തിനെയും അറസ്റ്റ് ചെയ്യുക മാത്രമായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യമെന്നും എ. അജികുമാർ ജാമ്യാപേക്ഷയിൽ പറയുന്നു.തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചികിത്സ ആവശ്യമായ സാഹചര്യമാണെന്നും അജികുമാർ കോടതിയെ അറിയിച്ചു.

Tags

Share this story