ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ ചോദ്യം ചെയ്തു
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ എസ്‌ഐടി സംഘം ചോദ്യം ചെയ്തു. അറസ്റ്റിലായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻ വാസുവിനെ ചോദ്യം ചെയ്തത്. ഇതോടെ കേസന്വേഷണം ബോർഡിലെ ഉന്നതരിലേക്കും നീങ്ങുകയാണ്
എസ്‌ഐടിയിലെ എസ് പി ശശിധരൻ നേരിട്ടാണ് എൻ വാസുവിനെ ചോദ്യം ചെയ്തത്. സുധീഷ് കുമാർ വാസുവിനെതിരെ നൽകിയ മൊഴികൾ ഏറെ ഗൗരവമുള്ളതാണെന്നാണ് വിവരം. ശബരിമല സ്വർണക്കൊള്ള നടന്ന 2019ൽ എൻ വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരുന്നു. പിന്നീട് എ പത്മകുമാറിന് പിന്നാലെ ദേവസ്വം പ്രസിഡന്റായി
സുധീഷ് കുമാർ എൻ വാസുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. എൻ വാസു പ്രസിഡന്റ് ആയിരിക്കെയാണ് സ്വർണം പൂശൽ കഴിഞ്ഞ ശേഷമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ മെയിൽ സന്ദേശം വരുന്നത്. സ്വർണം ബാക്കിയുണ്ടെന്നും ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കട്ടെയെന്നുമായിരുന്നു പോറ്റിയുടെ സന്ദേശം.
