ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു അറസ്റ്റിൽ

N Vasu

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായി എൻ വാസു അറസ്റ്റിൽ. എൻ വാസുവിനെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എസ്ഐടി തലവൻ എസ്.പി പി.ശശിധരൻ നേരത്തെ എൻ.വാസുവിനെ ചോദ്യം ചെയ്തിരുന്നു. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കാനാണ് നീക്കം. കട്ടിളപ്പാളി കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

എൻ വാസു 2019 മാർച്ചിൽ ദേവസ്വം കമ്മീഷണറും പിന്നീട് നവംബറിൽ ദേവസ്വം പ്രസിഡന്റ് ആയും ചുമതലയിലുണ്ടായിരുന്നു. എൻ.വാസുവിനു ഉണ്ണികൃഷ്ണൻ പോറ്റി മെയിൽ അയച്ചതും എസ്ഐടി അന്വേഷിച്ചിരുന്നു. മഹ്സറിൽ ചെമ്പ് എന്ന് രേഖപ്പെടുത്താൻ മുരാരി ബാബുവിന് നിർദേശം നൽകിയത് എൻ വാസു എന്നായിരുന്നു് എസ്ഐടിയുടെ കണ്ടെത്തൽ. വാസുവിനെ നേരത്തേ എസ്ഐടി ചോദ്യം ചെയ്ത് വിട്ടയച്ചുവെങ്കിലും, വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. രണ്ടാംതവണ ചോദ്യം ചെയ്യാനായി നോട്ടീസ് നൽകിയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വാസു സാവകാശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.

2019 ഡിസംബർ 9 നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഒരു ഇ-മെയിൽ എൻ.വാസുവിന് വന്നിരുന്നു. ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെയും മുഖ്യജോലികൾ പൂർത്തിയാക്കിയ ശേഷം സ്വർണം ബാക്കിയുണ്ട്. സഹായം ആവശ്യമുള്ള പെൺകുട്ടിയുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞായിരുന്നു മെയിൽ. ദുരൂഹ ഇ-മെയിൽ വന്നപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്വർണ്ണത്തിന്റെ ഭാരവ്യത്യാസമടക്കം റിപ്പോർട്ട് ചെയ്‌തില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മെയിൽ വന്നിട്ടും ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാത്ത ബോർഡിന്റെ നടപടി അത്ഭുതപ്പെടുത്തി എന്ന് ഹൈകോടതി പറഞ്ഞിരുന്നു.

കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെ ഉദ്യോ​ഗസ്ഥനാണ് എൻ വാസു. ആറ് പ്രതികളാണ് കേസിലുള്ളത്. രണ്ട് എഫ്ഐആറുകളാണ് സ്വർണ്ണക്കൊള്ളയിൽ എസ്ഐടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മുൻ ഉദ്യോഗസ്ഥരായ മുരാരി ബാബു കെഎസ് ബൈജു, സുധീഷ് കുമാർ എന്നിവരുടെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ നാല് പേരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Tags

Share this story