ശബരിമല സ്വർണക്കൊള്ള: ഗോവർധന്റെ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ മറുപടി തേടി ഹൈക്കോടതി
ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. ഹർജിയിൽ മറുപടി നൽകാൻ സർക്കാരിന് സിംഗിൾ ബെഞ്ച് നിർദേശം നൽകി. സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും സ്‌പോൺസർ എന്ന നിലയിൽ 2019ന് മുമ്പ് പലപ്പോഴായി 84 ലക്ഷം രൂപയുടെ സംഭവാന ശബരിമലക്ക് നൽകിയെന്നുമാണ് ഗോവർധൻ ഹർജിയിൽ പറയുന്നത്
ഗോവർധന്റെ ജാമ്യാപേക്ഷ ഡിസംബർ 30ന് വീണ്ടും പരിഗണിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് 400 ഗ്രാമിൽ അധികം സ്വർണമാണ് തനിക്ക് ലഭിച്ചത്. ഇത് ശബരിമല സ്വർണം ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഡിഡി ആയി 10 ലക്ഷവും 10 പവന്റെ മാലയും ശബരിമലക്ക് സംഭാവന നൽകി. ആകെ ഒന്നര കോടിയിൽ അധികം ശബരിമലക്ക് നൽകിയെന്നും തട്ടിപ്പായിരുന്നു ലക്ഷ്യമെങ്കിൽ ഇത്രയും തുക സംഭാവന നൽകില്ലായിരുന്നുവെന്നും ഗോവർധൻ പറയുന്നു
ബെല്ലാരിയിലെ തന്റെ സ്വർണക്കടയിൽ നിന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയാണ് സ്വർണക്കട്ടികൾ കസ്റ്റഡിയിലെടുത്തതെന്നും ഈ സ്വർണത്തിന് ശബരിമല സ്വർണവുമായി ബന്ധമില്ലെന്നും ഹർജിയിൽ പറയുന്നു. സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയെയും ഗോവർധനെയും കഴിഞ്ഞ ദിവസമാണ് എസ്‌ഐടി കസ്റ്റഡിയിലെടുത്തത്.
