ശബരിമല സ്വർണക്കൊള്ള: എസ്‌ഐടി അന്വേഷണം ശരിയായ ദിശയിൽ, പ്രതികളാരും രക്ഷപ്പെടില്ലെന്നും ഹൈക്കോടതി

high

ശബരിമല സ്വർണക്കൊള്ളയിൽ എസ്‌ഐടി അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് മുന്നോട്ടു പോകുന്നതെന്ന് ഹൈക്കോടതി. പ്രതികൾ ആരും രക്ഷപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക പരാമർശം

കേസിലെ അന്വേഷണത്തിലെ എല്ലാ കാര്യങ്ങളും നടക്കുന്നത് കോടതി മേൽനോട്ടത്തിലാണ്. കുറച്ചുകൂടി സമയം നൽകൂവെന്നും ഹർജിക്കാരോട് കോടതി നിർദേശിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ളവരുടെ ഹർജിയാണ് കോടതി പരിഗണിച്ചത്

സ്വഭാവിക ജാമ്യം ലഭിച്ചുവെന്നത് കൊണ്ട് ഒരു പ്രതികളും രക്ഷപ്പെടില്ല. അതിസങ്കീർണമായ കേസാണ് എസ്‌ഐടി അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ എല്ലാ കാര്യങ്ങളും കോടതി സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. 90 ദിവസത്തിന് ശേഷം പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 

എസ്‌ഐടി അന്വേഷണം പാളിയെന്ന ആരോപണം ഉന്നയിച്ച് പ്രതിപക്ഷം ദിവസങ്ങളായി നിയമസഭയിൽ ബഹളം വെക്കുമ്പോഴാണ് ഹൈക്കോടതി തന്നെ അന്വേഷണം ശരിയായ ദിശയിലാണെന്ന് വ്യക്തമാക്കുന്നത്. പ്രതിപക്ഷത്തിന് കൂടിയുള്ള തിരിച്ചടിയായാണ് ഹൈക്കോടതിയുടെ പരാമർശത്തെ കാണുന്നത്.
 

Tags

Share this story