ശബരിമല സ്വർണക്കൊള്ള: അന്വേഷണ പുരോഗതി ഇന്ന് എസ്‌ഐടി ഹൈക്കോടതിയിൽ അറിയിക്കും

ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും. എസ്‌ഐടി അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. ദ്വാരപാലകശിൽപത്തിലെ സ്വർണപ്പാളി പുനഃസ്ഥാപിച്ച കാര്യം ദേവസ്വം ബോർഡും ഹൈക്കോടതിയെ അറിയിക്കും. കൂടാതെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയാണ് സ്വർണം കവർന്നതെന്നും എസ് ഐ ടി അറിയിക്കും
പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ തുടരും. സന്നിധാനത്ത് നിന്ന് സ്വർണപ്പാളി കൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ കേരളത്തിന് പുറത്ത് തെളിവെടുപ്പിന് കൊണ്ടുപോകാനുള്ള നീക്കത്തിലാണ് അന്വേഷണം സംഘം.
2019ൽ സ്വർണ്ണം പൂശുന്നതിനായി ദ്വാരപാലക ശിൽപങ്ങളുടെ പാളികൾ സന്നിധാനത്ത് നിന്ന് ഏറ്റുവാങ്ങി ബംഗ്ലൂരുവിലേക്ക് കൊണ്ടുപോയത് അനന്ത സുബ്രഹ്മണ്യമാണ്. ഇവിടെ നിന്ന് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കുന്നതിനിടെ സ്വർണം കവർന്നു എന്നാണ് എസ്‌ഐടി നിഗമനം. നാഗേഷ്, കൽപ്പേഷ് തുടങ്ങി കൂട്ടുനിന്നവരിലേക്ക് എത്താനാണ് ശ്രമം